നടൻ വിനോദ് തോമസിന്റെ മരണകാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Breaking Kerala

കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണകാരണം പുറത്ത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വിനോദിന്റെ മരണം വിഷവാതകം ശ്വസിച്ചാണെന്ന് വ്യക്തമായത്.

സ്റ്റാര്‍ട്ട് ചെയ്ത കാറില്‍ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച്‌ അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് അനുമാനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം അടിവരയിടുന്നു. മരണത്തെ തുടര്‍ന്ന് പൊലീസ് വിനോദിന്റെ കാറില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. അതേസമയം, വിനോദിന്റെ സംസ്‌കാരം ചൊവ്വാഴ്ച മുട്ടമ്ബലം പൊതുശ്മശാനത്തില്‍ നടക്കും.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്ബാടിയിലെ ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറിനുള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാര്‍ട്ടാക്കിയ കാറിനുള്ളില്‍ കയറിയ വിനോദ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെയാണ് ബാര്‍ ജീവനക്കാര്‍ അന്വേഷിച്ചതും തുടര്‍ന്ന് ഉള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയതും.

അയ്യപ്പനും കോശിയും ഉള്‍പ്പെടെ ഉള്ള ചിത്രങ്ങളില്‍ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47 ാമത്തെ വയസിലാണ് അപ്രതീക്ഷിതമായി മരിച്ചത്. കോട്ടയം മീനടം സ്വദേശിയാണ്.

കാറിലെ വിഷ വാതകം മരിച്ച്‌ മരണമുണ്ടാകുന്നത് ഇതിന് മുമ്ബും സംഭവിച്ചിട്ടുണ്ട്. വഞ്ചിയൂരില്‍ കാറിലെ എസിയില്‍ നിന്നും വിഷവാതകം ശ്വസിച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് യുവാക്കള്‍ മരിച്ചിരുന്നു. വീട്ടിലെ കാര്‍ പാര്‍ക്കിംഗിലായിരുന്നു ഇവര്‍ മരിച്ചു കിടന്നത്. ഇതിന് സമാനമായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, കോട്ടയം മെഡിക്കല്‍ കോളേജ് ഫൊറൻസിക് വിഭാഗത്തിനു മുമ്ബില്‍ കാറിലെ എ.സി. പ്രവര്‍ത്തിപ്പിച്ച്‌ കിടന്നുറങ്ങിയ ഇടുക്കി സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ വില്ലനായത് കാറിലെ എ സിയില്‍ നിന്നും വന്ന വിഷവാതകമാണെന്ന് സംശയിച്ചിരുന്നു.

കാറില്‍ എ.സിയിട്ട് കിടന്നുറങ്ങുമ്ബോള്‍ സംഭവിക്കുന്നത് എന്ത്?

* കാറുകള്‍ പ്രവര്‍ത്തിപ്പിക്കുമ്ബോള്‍ കാര്‍ബണ്‍ മോണോക്സൈഡ് എന്ന വിഷവാതകം ഉണ്ടാകും. ഇത് എക്സ്‌ഹോസ്റ്റ് പൈപ്പില്‍ ഘടിപ്പിച്ച ‘കാറ്റലിറ്റിക്ക് കണ്‍വെര്‍ട്ടര്‍’ എന്ന സംവിധാനംവെച്ച്‌ കാര്‍ബര്‍ ഡൈ ഓക്സൈഡ് ആക്കിമാറ്റിയാണ് പുറത്തേക്ക് വിടുന്നത്.

* തുരുമ്ബിച്ചോ മറ്റുകാരണങ്ങള്‍കൊണ്ട് ദ്രവിച്ചോ പുക പുറത്തേക്കുവിടുന്ന പൈപ്പില്‍ ദ്വാരങ്ങള്‍ വീണാല്‍ ‘കാറ്റലിറ്റിക് കണ്‍വെര്‍ട്ടറില്‍’ എത്തുന്നതിനുമുമ്ബേ കാര്‍ബണ്‍ മോണോക്സൈഡ് പുറത്തേക്കുവരാം. ഇതു കാറിലെ ബോഡിയിലുള്ള ദ്വാരങ്ങള്‍വഴി കാബിനുള്ളിലേക്ക് പ്രവേശിക്കും.

* ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ എ.സി. പ്രവര്‍ത്തിക്കുമ്ബോള്‍ ഇത്തരം തകരാര്‍ ഉണ്ടെങ്കിലും ഉള്ളിലുള്ളവരെ കാര്യമായി ബാധിക്കില്ല. കാരണം, വാഹനത്തിലേക്ക് ശക്തമായ വായുപ്രവാഹം ഉള്ളതിനാല്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ ശക്തി വളരെ കുറയും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

*വാഹനത്തില്‍ കയറിയാല്‍ ഉടൻ എ.സി. ഓണാക്കരുത്. എ.സി. ഇടുന്നതിനുമുമ്ബ് വാഹനത്തിന്റെ നാലു ചില്ലുകളും താഴ്‌ത്തി ചൂടുവായുവിനെ പുറത്തേക്കുവിടുക. അതിനുശേഷം മാത്രം എ.സി. ഓണാക്കുക.

*വാഹനത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ഉടൻ റീ സര്‍ക്കുലേഷൻ (കാറിലെ വായുമാത്രം സ്വീകരിച്ച്‌ തുടര്‍ച്ചയായി തണുപ്പിക്കുന്ന രീതി) മോദിലിടരുത്.

* നിശ്ചിത ഇടവേളകളില്‍ റീ സര്‍ക്കുലേഷൻ മോഡ് മാറ്റി പുറത്തുനിന്നും വായു എടുക്കുന്ന മോഡ് ഇടുക.

* കാര്‍ എ.സി.യോടെ നിര്‍ത്തിയിടുമ്ബോള്‍ പുറത്തുനിന്ന് വായു സ്വീകരിക്കുന്ന മോദിലായിരിക്കണം. സംവിധാനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടെങ്കിലും പുറത്തുനിന്ന് നല്ലവായു വാഹനത്തിലേക്ക് വരുന്നത് ഗുണംചെയ്യും.

*വാഹനം 25,000 മുതല്‍ 30,000 കിലോമീറ്റര്‍ കൂടുമ്ബോള്‍ എ.സി. സര്‍വീസ് ചെയ്യുക. സര്‍വീസുകളില്‍ എ.സി.യുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *