വിയറ്റ്‌നാം കോളനി എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേമികളുടെ മനസിലിടം പിടിച്ച റാവുത്തര്‍ ഓര്‍മയായി. തെലുങ്ക് സിനിമാ താരം വിജയ രംഗ രാജു എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹൈദരാബാദില്‍ വച്ച് അദ്ദേഹത്തിന് പരുക്കേറ്റിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം പരുക്കും ഏറ്റതോടെയാണ് അദ്ദേഹത്തിന്റെ നില വഷളായത്. എഴുപത് കാരനായ താരത്തിന് അപകടം പറ്റിയതിന് പിന്നാലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തെലുങ്കിലും മലയാളത്തിലും പ്രശസ്തനായ താരം വില്ലന്‍ വേഷങ്ങളിലും സഹനടന്‍ വേഷങ്ങളിലും കൈയ്യടി നേടിയിട്ടുണ്ട്. മികച്ച വില്ലന്‍ റോളുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരം ഗോപിചന്ദിന്റെ യജ്ഞം സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ വലിയ പ്രശംസയാണ് ഏറ്റുവാങ്ങിയത്.