കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് മുൻകൂർ ജാമ്യമില്ല. നടൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലായിരുന്നു സിദ്ദീഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു നടൻ്റെ ആവശ്യം. എന്നാൽ സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ജാമ്യാപേക്ഷ തള്ളിയത്.
പീഡനത്തെക്കുറിച്ച് 2019 മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ യുവതി വെളിപ്പെടുത്തുന്നുണ്ടെന്ന് സർക്കാറിന് വേണ്ടി ഹാജരായ സ്‌പെഷ്യൽ ഗവ. പ്ലീഡർ പി. നാരായണൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പം പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടുകൾ കൂടി പരിഗണിച്ച് ജാമ്യാപേക്ഷ തള്ളണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുമ്പ് തന്നെ സംഭവം നടന്ന മുറിയെക്കുറിച്ച് യുവതി വിശദീകരിച്ചിരുന്നു. അതേസമയം, നടൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണെന്നാണ് പുതിയ വിവരം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ നടൻ്റെ അറസ്റ്റിന് വഴിയൊരുങ്ങിയിട്ടുണ്ട്.