കളമശ്ശേരിയില്‍ നടന്ന സ്ഫോടനത്തില്‍ പ്രതികരിച്ച് നടന്‍ ഷെയിന്‍ നിഗം. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നിരിക്കുന്നതെന്നും ചാനലുകളും രാഷ്ട്രീയ പ്രസ്താനങ്ങളും വ്യക്തികളും മത്സരിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റരുതെന്നും താരം പറഞ്ഞു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷെയിന്‍ നിഗത്തിന്റെ പ്രതികരണം.
ഷെയിന്‍ നിഗത്തിന്റെ കുറിപ്പ് ഇങ്ങനെ ‘സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്.ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം’ ഷെയിന്‍ കുറിച്ചു.
കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരിച്ചു, 25 പേര്‍ക്ക് പരിക്കേറ്റു. അതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനം നടക്കുമ്ബോള്‍ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.
സ്ഫോടനത്തിന് പിന്നാലെ പോലീസ് സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് നിന്നും ഐഇഡിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഉന്നത പോലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പ്രാര്‍ഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം.