ബെംഗളുരു: നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലിനെതിരെ കേസ്. ബെംഗളൂരുവിലെ അശോക് നഗർ പൊലീസ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സനാത ധർമത്തെക്കുറിച്ച് നടത്തിയ പരാമർശത്തിനു പിന്നാലെയാണ് വധഭീഷണി മുഴക്കിയത്. പ്രകാശ് രാജിന്റെ പരാതിയിൽ ടിവി വിക്രമ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടപടി.
തന്റെ ജീവനും കുടുംബത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന പ്രകോപനപരമായ പരാമർശങ്ങൾ ടിവി വിക്രമ എന്ന യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തതായി പ്രകാശ് രാജ് നൽകിയ പരാതിയിൽ പറഞ്ഞു. ഐപിസി സെക്‌ഷൻ 506, 504, 505 (2) എന്നിവ പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരേ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. സനാതന ധർമത്തിനും ഹിന്ദുത്വത്തിനും വേണ്ടി ആക്രമണോത്സുകമായി വാദിക്കുന്നവർ ഹിന്ദുമതത്തിന്റെ യഥാർഥ പ്രതിനിധികളല്ലെന്നും അവസരവാദികളാണെന്നും രാഷ്ട്രീയ ആവശ്യങ്ങൾക്കായി മുതലെടുക്കുകയാണെന്നും ആണ് പ്രകാശ് രാജ് പ്രതികരിച്ചത്.