കാത്തിരിപ്പിനൊടുവില്‍ അഞ്ച് പതിറ്റാണ്ടിന് ശേഷം മലയാളി ഉള്‍പ്പെടെ നാല് പേരുടെ മൃതദേഹം മഞ്ഞുമല തിരിച്ചു തന്നിരിക്കുന്നു. അവര്‍ എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്ന വിശ്വസത്തിലായിരുന്ന കുടുംബാംഗങ്ങള്‍ക്കരികിലേക്ക് 56 വര്‍ഷത്തിനുശേഷം ഇനി കാത്തിരിക്കേണ്ടെന്ന വാര്‍ത്തയെത്തി. 1968 ല്‍ ഹിമാചല്‍പ്രദേശിലെ റോഹ്താങ് ചുരത്തില്‍ ഉണ്ടായ വിമാനാപകടത്തില്‍ കാണാതായവരില്‍ നാല് പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തെന്ന് സൈന്യം അറിയിച്ചു. പത്തനംതിട്ടയിലെ ഇലന്തൂര്‍ സ്വദേശിയായ തോമസ് ചരണാണ് അതിലൊരാള്‍. മല്‍ഖാന്‍ സിങ്, ശിപായ് നാരായണ്‍ സിങ് എന്നിവരാണ് മറ്റുള്ളവര്‍. മറ്റൊരാള്‍ ആരെന്നും വ്യക്തമല്ല. ചന്ദ്രബാഗ മലനിരകളില്‍ തിരിച്ചില്‍ നടത്തിയ സൈന്യത്തിന്റെ ദോഗ്ര സ്‌കൗട്ട് വിഭാഗവും തിരംഗ മൗണ്ടന്‍ റെസ്‌ക്യൂവും ചേര്‍ന്ന സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അഞ്ച് പതിറ്റാണ്ടോളമായി ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്ന സൈന്യത്തെ സംബന്ധിച്ച് നിര്‍ണായക വിജയമാണിത്. ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍ 12 ഇരട്ട എന്‍ജിന്‍ വിമാനമാണ് 1968 ഫെബ്രുവരി ഏഴിന് റോഹ്താങ് ചുരത്തിനുമീതെ പറക്കവേ തകര്‍ന്നുവീണത്. ചണ്ഡീഗഢില്‍നിന്ന് ലേയിലേക്കുള്ള യാത്രമാധ്യേയായിരുന്നു അപകടം. 102 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം എവിടെപ്പോയെന്നത് മുപ്പതുവര്‍ഷത്തിലേറെ ദുരൂഹമായിത്തുടര്‍ന്നു.2003ല്‍ അടല്‍ ബിഹാരി വാജ്പേയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടെനീയറിങ്ങിലെ പര്‍വതാരോഹകര്‍ വിമാനത്തിന്റെ തകര്‍ന്നഭാഗങ്ങള്‍ ആദ്യം കണ്ടെത്തി. തുടര്‍ന്ന് 2005, 2006, 2013, 2019 വര്‍ഷങ്ങളിലായി ദോഗ്ര സ്‌കൗട്ട് കൂടുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും അഞ്ച് പേരുടെ മൃതദേഹങ്ങ മാത്രമാണ് കണ്ടെടുക്കാന്‍ ആയത്.