ഭുവനേശ്വര്‍: ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ ബിരൂപ പുഴയില്‍ കുളിക്കാനിറങ്ങിയ സ്ത്രീയെ മുതല കടിച്ചുകീറി. ജ്യോത്സ്ന റാണി(35)യെന്ന യുവതിയെ മുതല ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തായി.
വസ്ത്രം കഴുകിയ ശേഷം കുളിക്കാന്‍ പുഴയിലേക്കിറങ്ങിയ യുവതിയെ മുതല പെട്ടെന്ന് ആക്രമിക്കുകയും പുഴയുടെ മറുകരയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും രക്ഷിക്കാനായില്ല.
അഗ്നിശമനസേനയെത്തി മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍ പുഴയില്‍ നിന്ന് കണ്ടെടുത്തു. യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മുതലയെ പിടികൂടുന്നതുവരെ ഗ്രാമവാസികള്‍ നദിക്കരയില്‍ വരികയോ നദിയില്‍ ഇറങ്ങുകയോ ചെയ്യരുതെന്ന് വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.