ആലപ്പുഴ: കൈകൾ കെട്ടിയിട്ട് ഏഴ് കിലോമീറ്ററോളം ആഴമേറിയ വേമ്പനാട്ട്കായൽ നീന്തിക്കടക്കാനൊരുങ്ങുകയാണ് പന്ത്രണ്ടുകാരനായ വിദ്യാർഥി. അതിസാഹസികമായ ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് പെരുമ്പാവൂർ ഗ്രീൻവാലി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയായ അഭിനന്ദ് ഉമേഷ്. ഒരു വർഷം മുമ്പാണ് അഭിനന്ദ് നീന്തൽ പരിശീലനം തുടങ്ങിയത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചുതുടങ്ങിയ അഭിനന്ദിനെ കൂടുതൽ ഉന്നതിയിലെത്തിക്കണമെന്ന് പരിശീലകനും വേൾഡ് റെക്കോഡ് വിന്നറുമായ ബിജു തങ്കപ്പന് ആശയുദിച്ചത് . മാതാപിതാക്കളായ പെരുമ്പാവൂർ പട്ടാൽ ഉമേഷ് ഭവനിൽ ഉമേഷ് ഉണ്ണിക്കൃഷ്ണന്റേയും ദിവ്യ ഉമേഷിന്റെയും പിന്തുണയും കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി. വളരെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് അഭിനന്ദ് ഉമേഷ് പരിശീലനം പൂർത്തിയാക്കിയത്. വേമ്പനാട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് അഭനന്ദ് കൈകൾ കെട്ടി നീന്തൽ നടത്താനൊരുങ്ങുന്നത്. ഫെബ്രുവരി 10നാണ് ഈ സാഹസിക പ്രകടനം. വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ്-വൈക്കം പ്രദേശം. ആദ്യമായിട്ടാണ് ഏഴ് കിലോമീറ്റർ കായൽ ദൂരം ഇരുകൈകളും കെട്ടി നീന്തി റെക്കോർഡ് ഇടാൻ പോകുന്നത്. ഇതുവരെയുള്ള റെക്കോഡ് 4.5 കിലോമീറ്റർ വരെയാണ്. അഭിനന്ദിന് പിന്തുണയുമായി ഗ്രീൻവാലി സ്കൂൾ പിന്നിലുണ്ട്. ഒപ്പം സാംസ്ക്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ അനേകരും. ചലച്ചിത്ര നടന്മാരടക്കം നിരവധിപേർ നവമാധ്യമങ്ങളിലൂടെയും മറ്റും അഭിനന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.” ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ നിന്തികയറി റെക്കോർഡിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന പതിമൂന്നാമത്തെ താരമാണ് അഭിനന്ദ് ഉമേഷ്.ഇനിയും വരുന്ന രണ്ടുമാസത്തിനുള്ളിൽ പാതിനഞ്ചു റെക്കോർഡുകൾ പൂർത്തികരിച്ച് ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചത്.2021നവംബർ മാസമാണ് അനന്ദദർശൻ തവണക്കടവ് മാർക്കറ്റിലേക്ക് നീന്തിക്കയറി റെക്കോടുകൾക്ക് തുടക്കം കുറിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ അഭിനന്ദ് ഉമേഷ് രണ്ടുമണിക്കൂർ കൊണ്ട് നീന്തിക്കടക്കുമെന്നും ഷിഹാബ് കെ സൈനു അറിയിച്ചു.