ആലുവ : ആലുവ കേന്ദ്രീകരിച്ച് വൻതോതില്‍ കഞ്ചാവ് കടത്തികൊണ്ട് വന്ന് വില്‍പ്പന നടത്തി വന്നിരുന്ന ഇതര സംസ്ഥാനക്കാരൻ എക്സൈസിന്റെ പിടിയില്‍.ഒഡീഷ, കാൻന്ദമാല്‍ സ്വദേശി സൂര്യ മാലിക്ക് (ഛോട്ടൂ) (29) എന്നയാളാണ് എക്സൈസ് സംയുക്തമായ നീക്കത്തില്‍ പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്ന് വ്യത്യസ്ത അളവിലുള്ള പോളിത്തീൻ കവറുകളില്‍ പാക്ക് ചെയ്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടിച്ച വച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. ആകെ രണ്ട് കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. നേരത്തെ ഇതര സംസ്ഥാനക്കാരനായ ഒരാള്‍ സുഗന്ധ ദ്രവ്യ വസ്തുക്കളുടെ മറവില്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരം സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് (സീസ്) തലവൻ അസ്സി. കമ്മീഷണര്‍ ടി.അനികുമാറിന് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അസ്സി. കമ്മീഷണറുടെ മേല്‍ നോട്ടത്തിലുള്ള പ്രത്യേക സംഘവും എക്സൈസ് ഇന്റലിജൻസും ആലുവ എക്സൈസും ചേര്‍ന്ന് ഇയാള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ആലുവ കെഎസ്‌ആര്‍ടിസി സ്റ്റാന്റിന് സമീപം സുഗന്ധ ദ്രവ്യ വസ്തുക്കള്‍ കൈമാറാൻ ഇടപാട് കാരെ കാത്ത് നില്‍ക്കുന്നു എന്ന വ്യാജേന നില്‍ക്കുകയായിരുന്ന ഛോട്ടുവിനെ എക്സൈസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.
സുഹൃത്തുക്കളായ ഇതര സംസ്ഥാനക്കാരുടെ ആവശ്യപ്രകാരം ഒഡീഷയില്‍ നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവ് കടത്തി കൊണ്ട് വന്ന് ആലുവ ടൗണ്‍ ഭാഗങ്ങളില്‍ മുന്തിയ ഇനം കഞ്ചാവ് എന്ന വ്യാജേന മൊത്തക്കച്ചവടം നടത്തി ഒഡീഷയിലേക്ക് തന്നെ തിരികെ പോകുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഇതിലൂടെ പത്തിരട്ടിയോളം ലാഭം കിട്ടിയിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ഇയാളുടെ സുഹൃത്തുക്കളായ ഇതര സംസ്ഥാനക്കാര്‍ ഇത് പിന്നീട് ചെറു പൊതികളിലാക്കി മലയാളികളായ ഇടനിലക്കാര്‍ക്ക് കൂടിയ വിലക്ക് മറിച്ച് വില്‍ക്കുകയും ചെയ്യുന്നതായിരുന്നു വില്‍പ്പനയുടെ രീതി. ഒഡീഷ കാൻന്തമല്‍ സ്വദേശിയായ പ്രതി നാട്ടില്‍ ചില്ലറ മോഷണവും പിടിച്ച് പറിയും കഞ്ചാവ് കച്ചവടവുമായി കഴിയുന്നതിനിടെയാണ് ആലുവയിലെ ഇതര സംസ്ഥാനക്കാരായ സുഹൃത്തുക്കള്‍ കൂടുതല്‍ ലാഭം നേടിത്തരുന്ന ബിസിനസ്സിലേക്ക് ക്ഷണിച്ച് വരുത്തിയത്.
ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങി മറിച്ച് വിറ്റിരുന്നവരെക്കുറിച്ചുള്ള വ്യത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
ആലുവ റേഞ്ച് ഇൻസ്പെക്ടര്‍ എം സുരേഷ്, ഐബി പ്രിവന്റീവ് ഓഫീസര്‍ എൻ.ജി. അജിത്ത്കുമാര്‍, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എൻ.ഡി. ടോമി, മൂന്നാര്‍ സര്‍ക്കിള്‍ സിഇഒ കെ.എൻ. സിജുമോൻ, ആലുവ റേഞ്ച് പ്രിവന്റീവ് ഓഫീസര്‍മാരായ ടി.പി. പോള്‍, സി.എൻ.രാജേഷ്, സിഇഒമാരായ ഒ.എസ്. ജഗദീഷ്, എം.ടി.ശ്രീജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.