തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പ്രിയരഞ്ജന്‍ പിടിയില്‍. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊല ആസൂത്രിതമായി നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ മദ്യപിച്ച് ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ദിവസം മുതല്‍ റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രതിക്കുവേണ്ടി തെരച്ചില്‍ വ്യാപകമാക്കിയിരുന്നു. നാല് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പ്രിയരഞ്ജനായി അന്വേഷണം നടന്നത്. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നെന്ന് ചില അഭ്യൂഹങ്ങളും വന്നിരുന്നു. എന്നാൽ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി വിദേശത്തേക്ക് പോയിട്ടില്ലെന്ന് വ്യക്തമായി. പ്രതി കേരളത്തിലോ അതിര്‍ത്തി പ്രദേശങ്ങളിലോ ഉണ്ടാകാമെന്ന നിഗമനത്തിന് ശേഷം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് തമിഴ്‌നാട് അതിര്‍ത്തിയായ കുഴിത്തുറയില്‍ നിന്ന് ഇയാളെ പിടികൂടിയത്.