കോട്ടയം: ഉമ്മന്‍ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിക്കാര്‍ കൊടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് എ കെ ആന്റണി. കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല, മാര്‍ക്സിസ്റ്റുകാര്‍ പോലും ഈ സര്‍ക്കാരിന്റെ ഭരണത്തെ വെറുക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുവെന്ന് എ കെ ആന്റണി കൂട്ടിച്ചേർത്തു. എല്‍ഡിഎഫ് സര്‍ക്കാരിന് ജനകീയ അടിത്തറ നഷ്ടപ്പെട്ടെന്നും പുതുപ്പള്ളിയില്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെ വേദനിപ്പിച്ചവരോടുള്ള ജനങ്ങളുടെ പ്രതികാരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ളത് വൈകാരിക ബന്ധമാണെന്ന് എ കെ ആന്റണി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തോട് ഏറെ വൈകാരികമായാണ് എ കെ ആന്റണി പ്രതികരിച്ചത്. നേരത്തെ ആരോപണങ്ങള്‍ വന്നപ്പോള്‍ എത്രനാള്‍ അവര്‍ കണ്ണീര് കുടിച്ചിട്ടുണ്ടാകുമെന്ന് ചോദിച്ച ആന്റണി എല്ലാ ആരോപണങ്ങളിലും അഗ്നിശുദ്ധി വരുത്താന്‍ മരിക്കും മുന്‍പ് ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.