എറണാകുളം : കായികവിനോദങ്ങളിലും , നല്ല സൗഹൃദക്കൂട്ടായ്മകളിലും ആനന്ദം കണ്ടെത്താൻ യുവജനങ്ങൾക്ക് സാധിക്കണമെന്ന് സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പൊന്നുരുന്നിയിൽ വച്ചു നടത്തിയ സൗഹൃദ ഫുട്ബാൾ മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കാരിത്താസ് ഇന്ത്യയും, കേരള സോഷ്യൽ സർവീസ് ഫോറവും എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സജീവം ആന്റി ഡ്രഗ് ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. യുവാക്കൾക്കിടയിൽ ലഹരിയുടെ ഉപയോഗം ഏറി വരുന്ന സാഹചര്യത്തിൽ ക്രിക്കറ്റ്, ഫുട്ബാൾ പോലുള്ള കായികവിനോദങ്ങളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കാൻ സാധിച്ചാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്ന ലക്ഷ്യത്തോടെയാണ് വൈറ്റില യുവജനക്കൂട്ടായ്മയുടെ സഹകരണത്തോടെ ഫുട്ബോൾ മത്സരത്തിന് വേദിയൊരുക്കിയത്. സജീവം പ്രോജെക്ട് കോർഡിനേറ്റർ ഷിംജോ ദേവസ്യ, മാർട്ടിൻ വർഗീസ്, സുബിൻ, ബിൽഫ്രഡ് എന്നിവർ നേതൃത്വം നൽകി. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാലയങ്ങളിലും, കോളേജുകളിലും വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഫാ. സിബിൻ മനയമ്പിള്ളി അറിയിച്ചു.