‘സിനിമ റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ല’; ഹൈക്കോടതി

Breaking National

കൊച്ചി: സിനിമ റിവ്യൂ വിഷയത്തിൽ വ്യക്തത വരുത്തി ഹൈക്കോടതി. സിനിമ റിലീസ് ചെയ്‌ത്‌ ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത്രകാലം എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തുവന്നതെന്നും കോടതി വിമർശിച്ചു.

സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ബ്ലാക്ക്‌മെയിൽ ചെയ്യുന്ന വ്‌ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടത്. ജയിലിൽ പോകാൻ തയാറാണെന്നു വിളിച്ചുപറയുന്ന വ്‌ളോഗർമാർ അങ്ങനെ പോകട്ടെയെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം, റിവ്യൂവിനെതിരെ പ്രത്യേക പ്രോട്ടോക്കോൾ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയെ ബോധിപ്പിച്ചു. പ്രോട്ടോക്കോൾ തയാറാക്കുന്നതിനുമുൻപ് സിനിമയുടെ പ്രൊഡ്യൂസർമാരെയും ഡയറക്ടർമാരെയും കേൾക്കണമെന്നും ഡി.ജി.പി അറിയിച്ചു.

‘ആരോമലിന്റെ ആദ്യത്തെ പ്രണയ’മെന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. സിനിമ കാണാതെ തന്നെ വിലയിരുത്തൽ നടത്തി വ്ലോഗർമാർ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെയടക്കം പ്രതികൂലമായി ബാധിക്കുന്നതായാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ഹർജി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *