തിരുവനന്തപുരം; അച്ചടക്ക നടപടികളുടെ ഭാഗമായി അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു.ജൂൺ 13 ന് പൊൻകുന്നം ഡിപ്പോയിൽ നിന്നും പുതുതായി ആരംഭിച്ച പൊൻകുന്നം – പള്ളിക്കത്തോട് – കോട്ടയം സർവ്വീസ് തുടങ്ങി ഏകദേശം മൂന്ന് കിലോമീറ്റർ കഴിഞ്ഞപ്പോൾ റാക്ക് ഉപയോഗിച്ച് സർവ്വീസ് നടത്താമെന്നിരിക്കെ ഇടിഎം മെഷീൻ കേടായി എന്ന കാരണം പറഞ്ഞ് മേലധികാരികളും നിർദ്ദേശമില്ലാതെ അത് പോലും ചെയ്യാതെ ബസിൽ നിന്നും യാത്രക്കാരെ ഇറക്കിവിട്ട് കോർപ്പറേഷന് നഷ്ടവും, യാത്രക്കാർക്ക് ക്ലേശവും ഉണ്ടാക്കിയ സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ജൂൺ 1ന് വൈക്കം ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറുടെ മുറിയിൽ അതിക്രമിച്ച് കയറി , മോശമായി പെരുമാറുകയും, അസഭ്യവാക്കുകൾ പറയുകയും. അതിനുശേഷം വീട്ടിൽ പോകുന്നതിനായി പുറത്തിറങ്ങിയ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറെ പിന്തുടരുകയും ഡിപ്പോയിലെ ടീ സ്റ്റാളിന് മുമ്പിൽ വച്ച് വീണ്ടും തടഞ്ഞുനിറുത്തി യാത്രക്കാരുടെയും, ജീവനക്കാരുടെയും മുന്നിൽ വച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും, അധിക്ഷേപിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വൈക്കം ഡിപ്പോയിലെ കണ്ടക്ടർ ബി.മംഗൾ വിനോദിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.