പാമ്പുകളെ ഭയന്ന് പത്തടിയോളം ഉ‍യരമുള്ള പൊയ്ക്കാലിൽ നടക്കുന്നഎത്യോപ്യൻ ഗോത്രവർഗക്കാരുടെ ജീവിതം

ബന്ന ഗോത്രക്കാർക്കിടയിലെ “സ്റ്റിൽറ്റ് വാക്കിംഗ്’-ന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. അതവരുടെ സാംസ്കാരിക സ്വത്വത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. ചരിത്രപരമായി, സ്റ്റിൽറ്റുകൾ പ്രായോഗികവും ആത്മീയവുമായ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു. പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ സർക്കസിലും ഘോഷയാത്രകളിലും ധാരാളം കണ്ടിട്ടുണ്ടാകും. എന്നാൽ, നൂറ്റാണ്ടുകളായി പൊയ്ക്കാലിൽ നടക്കുന്ന ഒരു ജനവിഭാഗത്തെ സങ്കൽപ്പിക്കാൻ കഴിയുമോ..? അങ്ങനെയൊരു ജനവിഭാഗമുണ്ട്, എത്യോപ്യയിൽ! എത്യോപ്യയിലെ ബന്ന ഗോത്രവിഭാഗമാണ് പത്തടിയോളം ഉയരമുള്ള രണ്ടു കമ്പിൽ ചവിട്ടി നടക്കുന്നത്. ആർക്കും അപ്രായോഗികമായി തോന്നിയേക്കാവുന്ന, ലോകം മുഴുവൻ കൗതുകത്തോടെ നോക്കുന്ന പൊയ്ക്കാൽ നടത്തം (സ്റ്റിൽറ്റ് വാക്കിംഗ്) ബന്നക്കാരെ സംബന്ധിച്ചിടത്തോളം വളരെ ലളിതമായ ജീവിതചര്യ മാത്രമാണ്.വിഷമുള്ള പാമ്പുകളിൽനിന്നു സ്വയം പരിരക്ഷ നേടാൻ ബന്ന ഗോത്രക്കാർ സ്വീകരിച്ച മുൻകരുതലുകളുടെ ഭാഗമാണ് പൊയ്ക്കാൽനടത്തം- എന്ന അടിക്കുറിപ്പോടെ അടുത്തിടെ എക്സിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വൻ തരംഗമായി മാറിയിരുന്നു. നിരപ്പായ റോഡിലൂടെ മാത്രമല്ല, കുന്നുകളിലൂടെയും പാറക്കെട്ടുകളിലൂടെയും ബന്ന യുവാക്കൾ പൊയ്ക്കാലിൽ നടന്നുപോകുന്ന കാഴ്ച അതിശയിപ്പിക്കുന്നതാണ്. യാതൊരുവിധ സങ്കോചവുമില്ലാതെ, എളുപ്പത്തിൽ പാറക്കെട്ടുകളും കുന്നുകളും അവർ കയറിയിറങ്ങുന്നു.ടെയ്ൽസ് ഓഫ് ആഫ്രിക്ക എന്ന വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, ബന്ന ഗോത്രക്കാർക്കിടയിലെ “സ്റ്റിൽറ്റ് വാക്കിംഗ്’-ന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. അതവരുടെ സാംസ്കാരിക സ്വത്വത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. ചരിത്രപരമായി, സ്റ്റിൽറ്റുകൾ പ്രായോഗികവും ആത്മീയവുമായ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു. പ്രായോഗികമായി, ചതുപ്പുനിലങ്ങളിലൂടെ സഞ്ചരിക്കാനും നദികൾ മുറിച്ചുകടക്കാനും ചെളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ അനായാസം സഞ്ചരിക്കാനും സ്റ്റിൽറ്റ് ഉപയോഗിക്കുന്നു. ‌പ്രഗത്ഭനായ പൊയ്ക്കാൽ നടത്തക്കാരൻ ആകണമെങ്കിൽ വർഷങ്ങളുടെ അർപ്പണബോധവും പരിശീലനവും ശാരീരികക്ഷമതയും ആവശ്യമാണ്. വെറും നടത്തത്തിനപ്പുറം, ബന്നക്കാർ സ്റ്റിൽറ്റ് നടത്തത്തെ ഒരു കലാരൂപത്തിലേക്കുയർത്തി. പൊയ്ക്കാലിൽ നൃത്തം ചെയ്യാൻ അവർക്കു കഴിയും. ഉയരത്തൽ തൊഴിക്കാനും ചാടാനും അവർക്കു കഴിയുന്നു. സ്റ്റിൽറ്റ് നടത്തത്തിനുമുന്പ് കണങ്കാലിനു ചുറ്റും മണികൾ ധരിക്കുന്നു, അവർ നീങ്ങുമ്പോൾ ദൃശ്യപരവും ശ്രവണപരവുമായ അനുഭവമാണു മറ്റുള്ളവർക്കുണ്ടാകുന്നത്. പാരമ്പര്യങ്ങളിലും ആചാരനുഷ്ഠാനങ്ങളിലും വ്യത്യസ്തതയുള്ള ബന്നാഗോത്രം കാക്കോ ടൗണിന് സമീപമുള്ള ചാരി പർവതത്തിനു ചുറ്റുമുള്ള പ്രദേശത്തും ഡിമേക്കയ്ക്ക് സമീപമുള്ള ഒരു സവന്ന പ്രദേശത്തും വസിക്കുന്ന കാർഷിക ജനതയാണ്. തേനീച്ചകളെ വളർത്തലിൽ പേരുകേട്ടവരാണു ബന്നക്കാർ. പശു, ആട് വളർത്തലും ഇവരുടെ ജീവനോപാധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *