മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലിലെ പ്രത്യേക കോടതി ജാമ്യത്തില്‍ വിട്ടയച്ച അഞ്ച് പ്രതിരോധ വോളന്റിയര്‍മാരില്‍ ഒരാളെ കേന്ദ്ര സുരക്ഷാ ഏജന്‍സി വീണ്ടും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വീണ്ടും അറസ്റ്റിലായ യുവാവിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജാമ്യം ലഭിച്ചതിന് പിന്നാലെ അറസ്റ്റിലായ നാല് പേരെ കുടുംബാംഗങ്ങളോടൊപ്പം അയച്ചിരുന്നെന്നും എന്നാല്‍, നിരോധിത പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മുന്‍ കേഡറായ മൊയ്രംഗ്തേം ആനന്ദിനെ വീണ്ടും അറസ്റ്റ് ചെയ്തതായും പ്രതിഷേധക്കാര്‍ പറഞ്ഞു. ‘എന്റെ ഭര്‍ത്താവിനെ 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു’ ഇംഫാല്‍ പോലീസ് സ്റ്റേഷനു മുന്നിലെത്തിയ ആനന്ദിന്റെ ഭാര്യ പറഞ്ഞു.