സംസ്ഥാനത്ത് 100 ലധികം സഹകരണബാങ്കുകളിലായി 5000കോടിയിലധികം രൂപയുടെ കുംഭകോണമെന്ന് ബിജെപി

Kerala

കൊച്ചി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകൊണമാണ് കരുവന്നൂർ ഉൾപ്പടെയുള്ള 100 ലധികം സഹകരണബാങ്കുകളിലായി 5000 ൽ അധികം കോടി രൂപയുടെ നടന്നിട്ടുള്ളതെന്നും അതിനു പിന്നിലെ പ്രതികളെ സംരക്ഷിക്കുവാനാണ് മാർക്സിസ്റ്റ്‌ പാർട്ടിയും സംസ്ഥാന സർക്കാരും ശ്രമിക്കുന്നതെന്നും ബിജെപി ദേശീയ നിർവ്വഹാക സമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു.

കരുവന്നൂർ സഹകരണ ബാങ്കിലെ കുംഭകോണം വെളിച്ചത്തു കൊണ്ടുവന്ന കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) ന്റെ അന്വേഷണത്തെ സംസ്ഥാന പോലീസിനെ ഉപയോഗിച്ച് അട്ടിമറിക്കാനാണ് സി പി എം നേതൃത്വവും സംസ്ഥാന ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ശ്രമിക്കുന്നത്.ഇ ഡി അന്വേഷണം മറ്റു സഹകരണബാങ്കുകളിലേക്കും മറ്റു ജില്ലകളിലേക്കും വ്യാപിക്കാതിരിക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ജില്ലാ ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി എമിന്റെ ബ്രാഞ്ച് മുതൽ സംസ്ഥാനതലം വരെയുള്ള നേതാക്കൾ ഈ കുംഭകോണത്തിൽ പങ്കാളികളാണ്. അവരെ സംരക്ഷിക്കുവാനാണ് സംസ്ഥാന മന്ത്രിമാർ സഹകരണകുംഭകോണം വളരെ ചെറുതാണെന്നും പൊതുമേഖലബാങ്കുകളിൽ വലിയ കുംഭകോണങ്ങൾ നടക്കുന്നു എന്നൊക്കെ പറഞ്ഞു ശ്രമിക്കുന്നത്.കേന്ദ്ര സർക്കാരും ഇ ഡിയും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും സി പി എം നേതാക്കളുടെ ജയിൽയാത്രയാണ് കാണുവാൻ പോകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

സഹകരണകുംഭകോണങ്ങൾക്കെതിരായി ബിജെപി അതിശക്തമായ സമരം സംഘടിപ്പിക്കുന്നതിനൊ പ്പം ഓരോ സഹകരണബാങ്കുമായി ബന്ധപ്പെട്ട് അവിടുത്തെ നിക്ഷേപരുടെ സഹകരണ അദാലത്തു നടത്തുവാനും അവരുടെ പരാതികളിൽ നിയമപരമായി പരിഹാരം നേടാൻ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ എൽ ജെയിംസ്, ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടതിൽ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *