കുമരകം : കോണത്താറ്റ് പാലത്തിന്റെ നിര്‍മ്മാണം ഒച്ചിഴയും വേഗത്തില്‍. ആറ് മാസങ്ങള്‍ കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനമാണ് ജലരേഖയാകുന്നത്. പാലത്തിന്റെ ജോലികള്‍ ചെയ്യാന്‍ തൊഴിലാളികളെ കാണാനില്ലെന്നതാണ് ആക്ഷേപങ്ങള്‍ക്ക് പ്രധാന കാരണം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം അഞ്ചിലധികരിക്കാത്ത തൊഴിലാളികളാണ് നിലവില്‍ പാലത്തിന്റെ പ്രവര്‍ത്തനം നടത്തുന്നത്. ശരവേഗത്തില്‍ നിര്‍മ്മാണമെന്ന് പറയുമ്പോഴും 2-3 തൊഴിലാളികളാണ് പാലത്തിന്റെ പണികള്‍ക്കായി ഇവിടെയുള്ളത്.
2022 മെയ് മാസം ഒന്‍പതാം തീയതി പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടന്നെങ്കിലും സര്ക്കാരിന്രെ ഫിനാന്‍സ് അനുമതി ലഭിക്കാത്തതും കരാറുകാരനുമായുള്ള എഗ്രിമെന്റ് കിഫ്ബി ഒപ്പിടാത്തതും മൂലം ആറു മാസങ്ങള്‍ക്ക് ശേഷം നവംമ്പര്‍ 1-ാംതീയതിയാണ് പാലം പൊളിച്ച് നീക്കി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ ആറുമാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന ആദ്യ പ്രഖ്യാപനം വെറുതെയായി , എന്നാല്‍ 2022 നവംബര്‍ ഒന്നാം തീയതി ആരംഭിച്ച നിര്‍മ്മാണം പതിനൊന്ന്് മാസങ്ങള്‍ പിന്നിടുമ്പോഴും പാതിപോലും പൂര്‍ത്തീകരിക്കാത്ത നിലയിലാണ്. പൊതുമരാമത്ത് വകുപ്പ് ഡിസൈനിംഗ് വിഭാഗത്തില്‍ നിന്നും അപ്രോച്ച് റോഡിന്റെ രൂപഘടന കരാറുകാര്‍ക്ക് ലഭിച്ചിട്ടില്ല , ഡിസൈന്‍ ലഭിച്ചാല്‍ മാത്രമേ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സമയം കണക്കാക്കാന്‍ സാധിക്കൂ. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബി മുഖേന 7.94 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. 26.20 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍ വീതിയിലും, ഇരുവശങ്ങളിലുമായി 55, 34 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും ഉള്‍പ്പെടുന്നതാണ് പദ്ധതി.
കുമരകത്തിന്റെ കാത്തിരുപ്പ് തുടരുന്നു: കോണത്താറ്റ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ച നിലയില്‍
