മോഷണ കേസിൽ മധ്യവയസ്കയും മകനും അറസ്റ്റിൽ

Kerala

കടുത്തുരുത്തി: കടുത്തുരുത്തിയിലെ വീട്ടിൽ നിന്നും പതിനൊന്നര പവൻ സ്വർണം മോഷ്ടിച്ച കേസിൽ ഹോംനേഴ്സായ മധ്യവയസ്കയേയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വാഗമൺ കൊച്ചുകരിന്തിരി ഭാഗത്ത് നെല്ലിക്കുന്നോരത്ത് മലയിൽപുതുവേൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന അന്നമ്മ(63), ഇവരുടെ മകൻ ഷാജി എൻ.ഡി (40) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തുള്ള വീട്ടിൽ ഹോംനേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന അന്നമ്മ ഈ വീട്ടിലെ വയോധികയായ അമ്മയുടെയും, ഇവരുടെ മരുമകളുടെയും മാല, വള എന്നിവയടക്കം ഏകദേശം നാലു ലക്ഷത്തി അമ്പതിനായിരം രൂപ വില വരുന്ന പതിനൊന്നര പവൻ സ്വർണം പല സമയങ്ങളിലായി മോഷ്ടിക്കുകയായിരുന്നു.

വീട്ടുകാര്‍ അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം ഇവര്‍ കവർന്നെടുത്തതിനുശേഷം അതിനുപകരം മുക്കുപണ്ടം വയ്ക്കുകയായിരുന്നു. വീട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താനാണ് സ്വർണം എടുത്തതെന്നും, ഈ സ്വർണം തന്റെ മകൻ വിറ്റ് കാശാക്കുകയായിരുന്നുവെന്നും അന്നമ്മ പോലീസിനോട് പറഞ്ഞു. ഇവർ ജോലിചെയ്യുന്ന വീടിന് സമീപം ഒളിപ്പിച്ചുവെച്ച നിലയില്‍ മോഷ്ടിച്ച മൂന്നു പവനോളം സ്വർണ്ണവും, കൂടാതെ സ്വര്‍ണ്ണം വിറ്റുകിട്ടിയ പണം മകനില്‍ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ മാരായ ജയകുമാർ, നാസർ കെ.കെ, എ.എസ്.ഐ മാരായ ബാബു, ശ്രീലതാമ്മാൾ,സുരജ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *