മഹാഗണി തടികൾക്കടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച തേക്കു തടികൾ പിടികൂടി

Kerala

ആര്യങ്കാവ്: മഹാഗണി തടികൾക്കടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 8 ലക്ഷം രൂപയുടെ 72 തേക്കു തടികൾ വനം റേഞ്ച് അധികൃതർ പിടികൂടി. തമിഴ്നാട്ടിലേക്ക് കോട്ടവാസൽ അതിർത്തിയിലൂടെ ലോറിയിൽ കത്തുന്നതിനിടയിലാണ് പിടിയിലായത്. തെന്മല അമൽ ടിംബേഴ്സിന്റെ കെഎൽ 25 ക്യു 4719 എന്ന ടോറസ് ലോറിയുടെ മഹാഗണി തടികൾക്കടിയിലായിരുന്നു തേക്ക് തടികൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ഇത്തിക്കരയിലെ ഹുസൈൻ എന്നയാളിൽ നിന്നു ചെങ്കോട്ട ഖാജ ടിംബേഴ്സ് ഉടമ ഹാജ വാങ്ങിയതായിരുന്നു തടികൾ. കാര്യറയിലെ ജമാൽ എന്നയാളുടെ പ്രോപ്പർട്ടി മാർക്ക് പാസിന്റെ മറവിലായിരുന്നു തേക്കു തടികൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.

റേഞ്ച് ഒ‌ാഫിസർ എസ്.രാജേഷ്, പ്രൊബേഷനറി റേഞ്ച് ഒ‌ാഫിസർ വിപിൻ ചന്ദ്രൻ എന്നിവരുടെ സംഘം 22 എം ക്യൂബ് മഹാഗണി എന്നു രേഖപ്പെടുത്തിയ പാസുമായി വന്ന ലോറി തടഞ്ഞു പരിശോധിച്ചപ്പോഴാണ് തേക്കു തടികൾ കണ്ടെത്തിയത്. സെക്​ഷൻ ഫോറസ്റ്റ് ഒ‌ാഫിസർ ജിജിമോൻ, ജസ്റ്റിൻ ജോസഫ്, ഫോറസ്റ്റ് ഒ‌ാഫിസർമാരായ ഹസീനമോൾ, സമീറ, ആതിര എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലോറിയും തടികളും വനപാലകർ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *