ന്യൂ ഡല്‍ഹി: ഇന്ത്യ-ഭാരത് വിവാദങ്ങള്‍ക്കിടെ സിനിമയുടെ പേരുമാറ്റി അക്ഷയ് കുമാര്‍. ബോളിവുഡ് താരത്തിന്റെ വരാനിരിക്കുന്ന സിനിമക്ക് ‘മിഷൻ റാണിഗഞ്ച്: ദ ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യു’ എന്ന പേരാണ് നേരത്തെ നല്‍കിയിരുന്നത്. ഇത് മാറ്റി മിഷൻ റാണിഗഞ്ച്: ദ ഗ്രേറ്റ് ഭാരത് റെസ്ക്യു എന്ന പേരാണ് നല്‍കിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലാണ് പേരുമാറ്റം അറിയിച്ചിരിക്കുന്നത്.
റാണിഗഞ്ചിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തെ ഇതിവൃത്തമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 1989ലാണ് കല്‍ക്കരി ഖനിയില്‍ അപകടമുണ്ടായത്. അന്ന് ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാൻ പ്രധാന പങ്കുവഹിച്ച ജസ്‍വാന്ത് സിങ് ഗില്ലിന്റെ ജീവിതത്തെ ആധാരമാക്കിയാണ് സിനിമ.
അക്ഷയ് കുമാറിനെ കൂടാതെ പരിനീതി ചോപ്ര, കുൻമുദ് മിശ്ര, പവൻ മല്‍ഹോത്ര, രവി കിഷൻ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ മോഷൻ പോസ്റ്ററും പുറത്ത് വന്നിരുന്നു.