തിരുവനന്തപുരം:ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ ശങ്കര സങ്കേത് ഫൗണ്ടേഷൻ്റെ ഈ വർഷത്തെ അക്ഷരദേവതാ പുരസ്കാരം പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലെ മുഖ്യകാര്യദർശിയായ എം.എസ്.ഭുവനചന്ദ്രന് സമ്മാനിച്ചു.കാലടി ശൃംഗേരി മഠത്തിൽ നടന്ന ചടങ്ങിൽ ഗോവാ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ളയാണ് അക്ഷരദേവതാ പുരസ്കാരം എം.എസ്.ഭുവനചന്ദ്രന് സമ്മാനിച്ചത്.ലോകത്തിലാദ്യമായി 51 അക്ഷരദേവതമാരെ പൗർണ്ണമിക്കാവിൽ പ്രതിഷ്ഠിക്കുന്നതിനായി 12 വർഷത്തോളം പഠനവും മനനവും നടത്തിയതിനാണ് ഭുവനചന്ദ്രനെ അക്ഷരദേവതാ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
ഫൗണ്ടേഷൻ്റെ ചെയർമാനായ ടി.എസ്.ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫൗണ്ടേഷൻ്റെ രക്ഷാധികാരിയും വ്യവസായിയുമായ കെ.കെ.കർണ്ണൻ ആശംസകൾ നേർന്നു.
ഗുരുവന്ദനവും വിദ്യാഭ്യാസ അവാർഡുകളും വിദ്യാഭ്യാസ ധനസഹായ വിതരണവും ചടങ്ങിൽ നടത്തി.സംസ്കൃത കോളേജ് പ്രിൻസിപ്പലും ശൃംഗേരി മഠം മാനേജരുമായ പ്രൊഫ.സുബ്രഹ്മണ്യ അയ്യരേയും ചടങ്ങിൽ ആദരിച്ചു.മലയാളത്തിലേയും സംസ്കൃതത്തിലേയും 51 അക്ഷരങ്ങളിലെ സാമ്യത പഠനത്തിന് വിധേയമാക്കി സംസ്കൃത ഭാഷയിലും അക്ഷരദേവതമാരെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഭുവനചന്ദ്രന് അക്ഷരദേവതാ പുരസ്കാരം സമ്മാനിച്ചതെന്ന് ഗോവാ ഗവർണർ പറഞ്ഞു.