കടുത്തുരുത്തി: നിത്യസഹായകൻ ജീവകാരുണ്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഹൃദ്രോഗിയായ വീട്ടമ്മയ്ക്കും മക്കൾക്കും നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനവും വെഞ്ചരിപ്പ് കർമ്മവും നടന്നു. കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളി വികാരി ഫാദർ അബ്രഹാം പറമ്പേട്ട് വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു. കോതനല്ലൂർ കന്തീശ്ശങ്ങളുടെ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പഠിക്കക്കുഴിപ്പിൽ താക്കോൽദാന കർമ്മം നിർവഹിച്ചു. കോതനല്ലൂർ സ്വദേശി പുലർകാലയിൽ ഏലിക്കുട്ടിയും മക്കളും ആണ് വീട് നിർമ്മാണത്തിനായി 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. 10 ലക്ഷം രൂപ ചിലവഴിച്ച് 620 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വീട് നിർമ്മിച്ചത്. മുട്ടുചിറ സ്വദേശികളായ പാലായിൽ വീട്ടിൽ ചാക്കോച്ചൻ – ലീലാമ്മ ദമ്പതികൾ ആണ് തങ്ങളുടെ അമ്പതാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ആഘോഷങ്ങൾ ഒഴിവാക്കി നിർധന കുടുംബത്തിന്റെ വീട് നിർമ്മാണത്തിന് ആവശ്യമായ ചിലവിൽ മുക്കാൽ ഭാഗവും ചെലവഴിച്ചത്.
വെഞ്ചരിപ്പ് കർമ്മത്തിനു ശേഷം നടന്ന യോഗം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സുമനസ്സുകൾ ചടങ്ങിൽ പങ്കുചേർന്നു. രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും നടത്തി. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലൂടെ 5500 കിലോമീറ്റർ ദൂരം സൈക്കിൾ സവാരി ചെയ്ത വെമ്പള്ളി സ്വദേശി അഖിൽ സുകുമാരനെയും, ജില്ലയിലെ മികച്ച 108 ആംബുലൻസ് വോളണ്ടിയർ പുരസ്കാരം നേടിയ ബിജോ തോമസിനെയും ചടങ്ങിൽ ആദരിച്ചു. ലോകത്തിൽ നിത്യസഹായകൻ ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ് അധ്യക്ഷനായിരുന്നു. ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ദിലീപ്, കടുത്തുരുത്തി വലിയപള്ളി സഹ വികാരി ഫാദർ സന്തോഷ്, നിത്യസഹായകൻ ട്രസ്റ്റ് രക്ഷാധികാരി തോമസ് അഞ്ചമ്പിൽ, വി ക സിന്ധു, സിറിയക്ക് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.