ന്യൂഡല്‍ഹി | ബാലസോര്‍ ട്രെയിൻ അപകടക്കേസില്‍ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു സീനിയര്‍ സെക്ഷൻ എഞ്ചിനീയര്‍ (സിഗ്നല്‍) അരുണ്‍ കുമാര്‍ മഹന്ത, സെക്ഷൻ എഞ്ചിനീയര്‍ അമീര്‍ ഖണ്ഡ്, ടെക്നീഷ്യൻ പപ്പു കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.
ഭുവനേശ്വറിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 304 ഭാഗം II (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), റെയില്‍വേ നിയമത്തിന്റെ സെക്ഷൻ 153 തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുണ്ട്.
ജൂണ്‍ രണ്ടിനുണ്ടായ അപകടത്തില്‍ 296 പേര്‍ മരിക്കുകയും 1,200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ വെച്ച് കോറോമാണ്ടല്‍ എക്‌സ്‌പ്രസ് നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിയില്‍ ഇടിക്കുകയും പാളം തെറ്റിയ ചില കോച്ചുകള്‍ സമീപത്തെ ട്രാക്കിലേക്ക് വീഴുകയും എതിരെ വന്ന യശ്വന്ത്പൂര്‍-ഹൗറ എക്‌സ്‌പ്രസുമായി കൂട്ടിയിടിക്കുകയും ചെയതായിരുന്നു അപകടം. ജൂണ്‍ ഏഴിനാണ് സിബിഐ മൂന്ന് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്.