കടുത്തുരുത്തി: ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട നാഷണല്‍ പെര്‍മിറ്റ് ലോറി കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം. ലോറി നടപ്പാതയില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍അപകടം ഒഴിവായി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെ ഏറ്റുമാനൂര്‍-തലയോലപ്പറമ്പ് റോഡില്‍ കടുത്തുരുത്തി ടൗണിലേക്കുള്ള ഇറക്കത്തില്‍ കണിവേലില്‍ ബില്‍ഡിങിന് സമീപാണ് അപകടം.
തൂത്തുക്കുടിയില്‍നിന്നും കോലഞ്ചേരിയിലേക്ക് സിമന്റുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ എറണാകുളം സ്വദേശി ജോസ്‌മോന്റെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി മുന്നില്‍ പോയ കാറിലും റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. കടുത്തുരുത്തി ഹൗസിങ്ങ് സൊസൈറ്റി ജീവനക്കാരന്‍ വെള്ളൂര്‍ സ്വദേശിയായ അജോയുടെതാണ് കാര്‍. കടുത്തുരുത്തി മഹാദേവ തേപ്പുകടയുടെ ഉടമ സുമേഷിന്റെതാണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.