കോട്ടയം: ഓണത്തെ കുറിച്ച് അങ്കലാപ്പ് സൃഷ്ടിക്കാൻ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം വറുതിയുടെ ഓണമാവുമെന്ന് ബോധപൂർവ്വം പ്രചരിപ്പിച്ചു. എന്നാൽ ജനങ്ങളത് സ്വീകരിച്ചില്ല. ഏത് പ്രതിസന്ധിയുണ്ടായാലും തകരാൻ സർക്കാർ അനുവദിക്കില്ലെന്ന് നാട്ടുകാർക്കറിയാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പുതുപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ വേണ്ട പിന്തുണ ഒരു കാലത്തും നൽകിയില്ല. സാമ്പത്തിക ഞെരുക്കം ഉള്ളത് കൊണ്ടാണ് പാവപ്പെട്ടവർക്ക് മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയത്. കിറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ ചിലർക്ക് പേടിയാണ്. സപ്ലൈകോയ്ക്ക് എതിരെ വ്യാജ പ്രചാരണം നടത്തിയവർക്ക് മുഖത്തടിയേറ്റു. അത്രയും സാധനങ്ങളാണ് സപ്ലൈകോ വഴി വിറ്റ് പോയത്. പച്ചക്കറികൾക്കും പഴങ്ങൾക്കും ഹോർട്ടി കോർപ്പ് വഴി വില കുറച്ചു നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആസിയാൻ കരാർ വേണ്ടെന്ന് എൽഡിഎഫ് ആദ്യം തന്നെ പറഞ്ഞതാണ്. മൻമോഹൻ സിങ് സർക്കാരാണ് അത് നടപ്പിലാക്കാൻ പുറപ്പെട്ടത്. നല്ല നാളെ വരുമെന്ന് കോൺഗ്രസ് നാടുമുഴുവൻ പ്രചരിപ്പിച്ചു. എന്നാൽ ഇപ്പോഴെന്താണ് അവസ്ഥ? റബ്ബറിന് വിലയിടിഞ്ഞു. തെറ്റ് തിരുത്തി ആസിയാൻ കരാർ റദ്ദാക്കണമെന്ന് പറയാൻ കോൺഗ്രസ് തയ്യാറുണ്ടോ? കേരളം ഒന്നിച്ചാവശ്യപ്പെടാം. കോൺഗ്രസും കൂടെയുള്ളവരും അതിന് തയ്യാറുണ്ടോ എന്നും പിണറായി വിജയൻ ആരാഞ്ഞു.