തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റ് തങ്ങൾക്ക് വേണ്ടെന്ന് യുഡിഎഫ് എംഎൽഎമാര്‍. സാധാരണക്കാര്‍ക്ക് ലഭിക്കാത്ത കിറ്റ് വേണ്ടെന്ന തീരുമാനത്തിലാണ് യുഡിഎഫ് എംഎൽഎമാരെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കിറ്റ് വിതരണം ഇന്ന് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ഓണക്കിറ്റ് വിതരണം മൂന്ന് ലക്ഷം കഴിഞ്ഞു. എല്ലാ ഊരുകളിലും, ക്ഷേമ സ്ഥാപനങ്ങളിലും കിറ്റ് എത്തിച്ചു. രണ്ട് ലക്ഷം കിറ്റുകളാണ് ഇനി നൽകാനുള്ളത്. കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ടെന്നും ഇന്ന് വൈകുന്നേരത്തോടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ജി ആർ അനിൽ വ്യക്തമാക്കി.
ഇന്ന് ഇതുവരെ വിതരണം ചെയ്തത് ഒന്നേകാൽ ലക്ഷത്തിനടുത്ത് കിറ്റുകളാണെന്നും മന്ത്രി അറിയിച്ചു. 3,35000 ലേറെ കിറ്റുകളാണ് വിതരണം ചെയ്തത്. കോട്ടയം ഒഴികെ ആകെ വിതരണം ചെയ്യേണ്ടത് 5,53,182 കിറ്റുകളാണ്. ഞായറാഴ്ച വരെ വിതരണം ചെയ്തത് 2,59,000 ത്തോളം കിറ്റുകളാണ്. ഇന്ന് രണ്ട് മണിക്കൂറിനിടെ വിതരണം ചെയ്തത് 60,000 ത്തിലേറെ കിറ്റുകളാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.