തിരുവനന്തപുരം: ഐഎസ്ആർഒ (വിഎസ്എസ്സി) പരീക്ഷയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. നേരത്തെ പിടിയിലായവർക്ക് ഉത്തരം പറഞ്ഞ് നൽകിയവരാണ് അറസ്റ്റിലായവർ.
ഹരിയാനയിൽ നിന്ന് കേരള പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (25) എന്നിവർ അറസ്റ്റിലായിരുന്നു.
തട്ടിപ്പ് അസൂത്രണം നടത്തിയത് ഹരിയാനയിൽ വെച്ചാണെന്നും തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത് വലിയ തുകയാണ്.
പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കിയിരുന്നു. കൂടുതൽ തട്ടിപ്പ് നടന്നതായും സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു.
വയറിൽ ക്യാമറ കെട്ടിവെച്ച് ചിത്രം എടുത്ത് പുറത്തേക്ക് അയച്ച് ബ്ലൂടൂത്തും സ്മാർട്ട് വാച്ചും ഉപയോഗിച്ചായിരുന്നു പരീക്ഷയ്ക്ക് കോപ്പിയടിച്ചത്. പരീക്ഷയിൽ ഹരിയാനക്കാരായ 469 പേർ പങ്കെടുത്തിരുന്നു. അതേ സ്ഥലത്ത് നിന്ന് ഇത്രയുമധികം പേർ പരീക്ഷയെഴുതിയതിനാൽ തട്ടിപ്പ് വ്യാപകമെന്നാണ് സംശയിക്കുന്നത്.