ഇലഞ്ഞി ആലപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവീക രിച്ച തീർഥക്കുളത്തിന്റെ സമർപ്പണം ചൊവ്വാഴ്ച രാത്രി ചലച്ചിത്രതാരം സുരേഷ് ഗോപി നിർവഹിച്ചു. സുരേഷ് ഗോപി, ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ തുടങ്ങിയ വിശിഷ്ടാതിഥികളെ താലപ്പൊലിയോടെ ക്ഷേത്രത്തി ലേക്ക് വരവേറ്റു.
ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി, ക്ഷേത്രം മാനേജർ എസ്. രാമനുണ്ണി, ഹരി ദാസ് ആലപുരം തുടങ്ങിയവർ ക്ഷേത്രക്കുള നവീകരണ പദ്ധതികൾ വിശദീകരിച്ചു.
കുളത്തിന്റെ മധ്യഭാഗത്ത് മണ്ഡപത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണവിഗ്രഹം സുരേഷ് ഗോപിയിൽ നിന്നും കാർമികസംഘം ഏറ്റുവാങ്ങി. ചെണ്ടവാദ്യമേളത്തിന്റെ അകമ്പടിയോടെ പ്രതിഷ്ഠാ ചടങ്ങ് നടന്നു. ഗുരുവായൂർ ക്ഷേത്രകുളത്തിന്റെ മാതൃകയിൽ നിർമിച്ച കുളത്തിൽ തയ്യാറാക്കിയ മണ്ഡപത്തിലാണ് വിഗ്രഹപ്രതിഷ്ഠ നടന്നത്.