കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ മന്ത്രി എ സി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്‌ഡ്

Breaking Kerala

തൃശൂർ: സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപെട്ടാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി തെക്കും കരയിലുള്ള വീട്ടിൽ പരിശോധന നടത്തുന്നത്. മൊയ്തീന്റെ ബന്ധുക്കളിൽ ചിലർക്ക് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എ സി മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്ക് ഒപ്പം തന്നെ കോലഴിയിൽ പണമിടപാടു സ്ഥാപനം നടത്തുന്ന സതീഷ് എന്നയാളുടെ വീട്ടിലും പരിശോധന നടക്കുന്നതായാണ് വിവരം.

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സിപിഎം മുൻ ഏരിയ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി കെ ചന്ദ്രന്റെയും എ സി മൊയ്തീൻ എംഎൽഎയുടെയും പങ്ക് അന്വേഷിക്കണമെന്ന് ജയിലിൽ കഴിയുന്ന ഒന്നാം പ്രതി ടി ആർ സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. സിപിഎം കുടുംബത്തിലെ അംഗമായ സുനിൽകുമാർ കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു. ഭരണസമിതി തീരുമാനമെടുത്തു വരുന്ന ഫയലുകളിൽ ഒപ്പിടുക മാത്രമേ മകൻ ചെയ്തിട്ടുള്ളൂവെന്നായിരുന്നു രാമകൃഷ്ണൻ പറഞ്ഞത്. പൊറത്തിശ്ശേരി, മാപ്രാണം ലോക്കൽ കമ്മിറ്റികളും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും തീരുമാനിച്ചിട്ടാണു വായ്പകൾ കൊടുക്കുക. രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളിൽ പാർട്ടി ബന്ധം മാത്രം നോക്കി വായ്പ കൊടുക്കാൻ തീരുമാനമെടുത്തത് ഈ നേതാക്കളുടെ അറിവോടെയാണെന്നും രാമകൃഷ്ണൻ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *