കടുത്തുരുത്തി: അതിരമ്പുഴ സിഡിഎസിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യ കുടുംബശ്രീയുടെ കാരുണ്യജ്യോതി വാർത്താമാസികയുടെ പ്രകാശനം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകരന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിഡിഎസ് വൈസ് ചെയർപേഴ്സൺ ബീനാ സണ്ണി സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.പ്രൊഫ. റോസമ്മ സോണി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മിഷൻ എഡിഎംസി പ്രകാശ് പി. നായർ, അയ്മനം സിഡിഎസ് ചെയർപേഴ്സൺ സൗമ്യവിനീത തുടങ്ങിയവർ ആശംസകളർപ്പിച്ചു. മാനേജിഗ് എഡിറ്റർ കവിതാ ടോമി കൃതജ്ഞത രേഖപ്പെടുത്തി.
കാരുണ്യ ജ്യോതി എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന വാർത്താ മാസികയിൽ കുടുംബശ്രീ യൂണിറ്റുകളിലെ വാർത്തകളോടൊപ്പം അംഗങ്ങളുടെ കഥകളും കവിതകളും ലേഖനങ്ങളും ജില്ലാമിഷന്റെ വിവിധ പദ്ധതികളും ആനുകുല്യങ്ങളുമൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങൾ തന്നെയാണ് മാസികയുടെ വിതരണക്കാരും. പഞ്ചായത്തിലെ ആറാം വാർഡിലെ കുടുംബശ്രീ യൂണിറ്റായ കാരുണ്യയുടെ സെക്രട്ടറി കവിത ടോമിയാണ് ഇതിന്റെ എഡിറ്റിംഗും ലേ-ഔട്ടും നിർവ്വഹിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിലെ മികച്ച സിഡിഎസിനുള്ള ബഹുമതിയും സംസ്ഥാന മിഷന്റെ മൈക്രോ ഫിനാൻസിനുള്ള സ്പെഷ്യൽ ജൂറി അവാർഡും താലൂക്ക് തലത്തിലുള്ള മികച്ച സിഡിഎസിനുള്ള മലയാള മനോരമ അവാർഡുമൊക്കെ വേറിട്ടതും മികച്ചതുമായ പ്രവർത്ത നങ്ങൾക്ക് അംഗീകാരമായി അതിരമ്പുഴ സിഡിഎസിനെ തേടിയെ ത്തിയിട്ടുണ്ട്. ജില്ലയിൽ ആദ്യമായാണ് കുടുംബശ്രീ യൂണിറ്റിൽ നിന്നും കുടുംബശ്രീ അംഗങ്ങൾക്കായി ഒരു മാസിക പ്രസിദ്ധീകരി ക്കുന്നത് എന്ന പ്രാധാന്യവും ഇതിനുണ്ട്. കുടുംബശ്രീ അംഗങ്ങൾ തനിച്ചും കൂട്ടായും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി നാടിന് മാതൃ കയായിട്ടുണ്ടെങ്കിലും ആദ്യമായാണ് കുടുംബശ്രീ കൂട്ടായ പ്രസിദ്ധീകരണ രംഗത്തേക്ക് കടന്നുവരുന്നത്. മാസികയിലെ കൂടുതൽ വിഭവങ്ങളും എഴുത്തിലും സാഹിത്യത്തിലും താല്പര്യമുള്ള കുടും ബശ്രീ അംഗങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ബാല സഭയിലെ കുട്ടികളും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്.