ഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍ രംഗത്ത്. മഹാരാഷ്ട്രയിലെ ബീഡില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂര്‍ ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനമാണെന്നും അവിടെ നമ്മള് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു. എന്നാല്‍ അക്രമം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. മണിപ്പൂരില്‍ രണ്ട് സമുദായങ്ങളാണ് ഏറ്റുമുട്ടുന്നത്. ആളുകള്‍ പരസ്പരം ആക്രമിക്കുന്നു, വീടുകള്‍ക്ക് തീയിടുന്നു, ആളുകള്‍ മരിക്കുന്നു, സ്ത്രീകളെ നഗ്നരായി തെരുവിലൂടെ നടത്തുന്നു. ഇത് ഏറ്റവും മോശം സാഹചര്യമാണ്. പ്രധാനമന്ത്രി മോദി അവിടെ പോയി ജനങ്ങളുടെ വിശ്വാസം നേടേണ്ടതായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അങ്ങനെ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ 3-4 മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചതെന്നും പവാര്‍ പറഞ്ഞു. അവര്‍ അതില്‍ ഗൗരവം കാണിക്കുന്നില്ല. മറ്റുള്ളവരുടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹം ചെയ്തത് എല്ലാവരും കണ്ടതാണ്. ആരുടെ കൈയിലാണോ നമ്മള് അധികാരം ഏല്‍പ്പിച്ചത്, അവര്‍ക്ക് അത് കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ താനെയില്‍ ഒരു ദിവസം 18 പേര് മരിച്ചു, അതും ആശുപത്രിയിലാണെന്ന് ഷിന്‍ഡെ സര്‍ക്കാരിനെ ലക്ഷ്യമിട്ട് ശരദ് പവാര്‍ പറഞ്ഞു. മഹാരാഷ്ട്ര അങ്ങനെയായി. എന്നാല്‍ ഇപ്പോള്‍ അത് നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സര്‍ക്കാരില്‍ ഇരിക്കുന്നവര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു. പ്രതിപക്ഷത്തുള്ളവരെ ജയിലിലടക്കുകയാണെന്നും ശരദ് പവാര്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം അധികകാലം നിലനില്‍ക്കില്ലെന്ന് അവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.