ആലുവ: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പ്രതിഷേധം. വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ അതിരൂപത സംരക്ഷണ സമിതി തടഞ്ഞു.
പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കുർബാന തർക്കം തീർക്കാനെത്തിയ വത്തിക്കാൻ പ്രതിനിധിയെ ബസിലിക്കയിൽ കയറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം.
ഇന്ന് വൈകീട്ട് അഞ്ചരയോടയാണ് ബസിലിക്കയിലേക്ക് പ്രവേശിക്കുന്നതിനായി മാർ സിറിൽ വാസിൽ എത്തിയത്. ഇവരെ തടയുമെന്ന് വിമത വിഭാഗം അറിയിച്ചിരുന്നു.
പൊലീസ് സംരക്ഷണയിൽ പ്രതിനിധി എത്തിയതോടെ വിമത വിഭാഗം തടഞ്ഞു. ബസിലിക്കയിലേക്ക് കയറ്റാൻ പൊലീസ് ശ്രമിച്ചതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു.
വിമത വിഭാഗം മാർ സിറിൽ വാസിലിനെ തടഞ്ഞതോടെ പിന്തുണക്കുന്ന വിഭാഗം മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി. വത്തിക്കാൻ പ്രതിനിധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വിമത വിഭാഗം ഉപരോധ സമരവും പ്രഖ്യാപിച്ചിരുന്നു. കുർബാന തർക്കത്തെ തുടർന്ന് 8 മാസമായി അടഞ്ഞു കിടക്കുകയായിരുന്നു സെന്റ് മേരീസ് ബസിലിക്ക.