ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ നാലാം കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ ടീം. ഫൈനലിൽ മലേഷ്യയെ 4-3ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. ആദ്യ രണ്ട് ക്വാർട്ടറുകളിൽ മലേഷ്യയും ഇന്ത്യയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ച വെച്ചത്. എന്നാൽ മൂന്നാം ക്വാർട്ടറിലെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി.
ജുഗ്രാജ് സിംഗ്, ഹർമൻപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, അകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. പി ആർ ശ്രീജേഷാണ് ഇന്ത്യയുടെ ഗോൾവലയിൽ രക്ഷകനായത്. സെമിയിൽ ജപ്പാനെ 4-0 ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. മലേഷ്യ ദക്ഷിണ കൊറിയയെ 6-2 ന് തോൽപ്പിച്ചാണ് സെമിയിൽ നിന്ന് ഫൈനലിലെത്തിയത്.