ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നിയമം പരിഷ്കരിക്കുന്ന ബിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരം ബില്ലുകളാണ് ലോക്‌സഭയിൽ കേന്ദ്രമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. മൂന്ന് ക്രിമിനൽ നിയമങ്ങളിൽ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി. സി ആർ പി സിയിൽ 313 ഭേദഗതികൾ. ഇന്ത്യന്‍ പീനല്‍ കോഡിന്റെ പേര് ‘ഭാരതീയ ന്യായ സംഹിത’യെന്നും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ പേര് ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’യെന്നും മാറ്റും.
ബ്രിട്ടിഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂർണമായും ഒഴിവാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മാറ്റങ്ങൾ നീതി ഉറപ്പാക്കാനെന്ന് അദ്ദേഹം പറഞ്ഞു. ആൾക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷ ലഭിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കും. കൂട്ട ബലാല്‍സംഗത്തിന് 20 വര്‍ഷമോ ജീവപര്യന്തമോ തടവുശിക്ഷ നിര്‍ദേശിക്കുന്നു. ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റിക്ക് വിടുമെന്ന് അമിത്ഷാ പറഞ്ഞു.