തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ഇനി കേന്ദ്രം തീരുമാനിക്കും

Breaking National

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറേയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചിലെ സുപ്രീം കോടതി വിധി മറികടക്കാനാണ് നിയമ നിര്‍മ്മാണം.

പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ കക്ഷി നേതാവ് എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാകണം തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമിതി എന്നതായിരുന്നു സുപ്രീം കോടതി വിധി. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് 2023 മാര്‍ച്ചില്‍ സുപ്രീംകോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്. ഈ സമിതിയില്‍ നിന്നാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത്.

പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ പ്രതിപക്ഷ കക്ഷി നേതാവും പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്ര മന്ത്രിയുമാകും ഉണ്ടാവുക. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവും കാലയളവും ഭേദഗതി ചെയ്യുന്ന ബില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

കേന്ദ്രനീക്കത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കേന്ദ്ര നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഉടലെടുത്ത പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭാ ഇന്നത്തേക്ക് പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *