പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാൻ യോ​ഗംചേർന്നു

Kerala Uncategorized

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിലെത്തി. പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗത്തിൽ പങ്കെടുക്കാനാണ് രാഹുൽ​ഗാന്ധി എത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും യോ​ഗത്തിൽ പങ്കെടുത്തു.നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻറെ കാലാവധി മേയ് 23നാണ് അവസാനിക്കുക.പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്. മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോ​ഗസ്ഥരുടെ പേര് പരി​ഗണിച്ചെങ്കിലും ഔദ്യോ​ഗിക തീരുമാനം ആയിട്ടില്ല. പ്രവീൺ സൂദിന്റെ കാലാവധി നീട്ടാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.രണ്ട് വർഷത്തേക്കാണ് സിബിഐ ഡയറക്ടറുടെ നിയമനം. കർണാടക കേഡറിലെ 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പ്രവീൺസൂദ് 2023 മെയ് 25നാണ് സിബിഐ തലവനായി നിയമിക്കപ്പെടുന്നത്. സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചിരുന്നു. 2023ൽ സംസ്ഥാനങ്ങളിലുടനീളം നിരവധി അഴിമതികളും ക്രിമിനൽ കേസുകളും സിബിഐ അന്വേഷിച്ചുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ നിയമനം.

Leave a Reply

Your email address will not be published. Required fields are marked *