സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ സിപിഐ യുവജന വിഭാഗമായ എഐവൈഎഫ്. രഞ്ജിത്തിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് അവാര്‍ഡില്‍ നിന്ന് ഒഴിവാക്കാനായി രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്തു ശ്രമിച്ചു എന്നത് പ്രതിഷേധാര്‍ഹമാണെന്നും എഐവൈഎഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചെയർമാൻ രഞ്ജിത്തിനെതിരെ സമഗ്ര അന്വേഷണം വേണം. ജൂറി അംഗമായ നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തലുകള്‍ ഉൾപ്പെടെ പുറത്തുവന്നത് ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഗൗരവമായി കാണണം. സംസ്ഥാന ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ജനാധിപത്യ ബോധവും കലാപരമായ മികവുമാണ് വേണ്ടത്. അല്ലാതെ അവിടെ മാടമ്പിത്തരം നടപ്പിലാക്കാനാണ് ശ്രമമെങ്കിൽ എഐവൈഎഫ് അത് ചോദ്യം ചെയ്യും.
വളരെയധികം ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന രഞ്ജിത്ത് വ്യക്തിപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അക്കാദമിയെ ദുരുപയോഗം ചെയ്യുകയാണെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനും പ്രസിഡന്റ് എന്‍ അരുണും വ്യക്തമാക്കി.