കോഴിക്കോട്: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകേണ്ട രോഗികള്‍ക്ക് ആശ്വാസമേകുന്ന ‘ജീവനം’ പദ്ധതി കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രഖ്യാപിച്ചു. ലോക വൃക്ക ദിനത്തോടനുബന്ധിച്ച് പരസ്പര വൃക്ക ദാനം നടത്തിയ കുടുംബങ്ങളുടെ (സ്വാപ് കിഡ്നി ട്രാന്‍സ്‌പ്ലാന്‍റ് ചെയ്തവര്‍) സംഗമത്തിൽ വെച്ച് പദ്ധതിയുടെ പ്രഖ്യാപനം പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നടത്തി. ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്തവരും, സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ജീവിച്ചവരുമായവർ പരസ്പരം വൃക്കധാനം ചെയ്തുകൊണ്ട് ഒന്നായി ചേർന്ന് നിൽക്കുന്ന ഇത്തരം കൂട്ടായ്മകൾ മതേതര മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് ഉത്തമോദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റേതുൾപ്പെടെയുള്ള ഫണ്ടുകൾ ഉപയോഗിച്ച് നിർധനരായ(ബിപിഎൽ) രോഗികൾക്ക് സൗജന്യമായും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ നിരക്കിലും വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ ലഭ്യമാക്കുക എന്നതാണ് ‘ജീവനം’ പദ്ധതിയുടെ ലക്ഷ്യമെന്ന് ആസ്റ്റർ മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത് പറഞ്ഞു. ചടങ്ങിൽ പരസ്പരം വൃക്കദാനം നടത്തിയ കുടുംബങ്ങൾ (സ്വാപ് കിഡ്നി ട്രാൻസ്പ്ലാൻറ് ചെയ്തവർ), മരണപ്പെട്ട വ്യക്തികളുടെ വൃക്ക സ്വീകരിച്ചവരും അവരുടെ ബന്ധുക്കളും, സ്വന്തം കുടുംബാംഗങ്ങളുടെ വൃക്ക സ്വീകരിച്ചവരും കൂടാതെ ഡോക്ടർമാരായ സജിത് നാരായണൻ, ഡോ.അഭയ് ആനന്ദ്, ഡോ.കിഷോർ കണിയഞ്ചലിൽ, ഡോ.ഫിറോസ് അസീസ് , ഡോ.നൗഫൽ ബഷീർ , ഡോ.ഇസ്മായിൽ എൻ എ, ഡോ.ശ്രീജിഷ് ബി, ഡോ.ബിജു , ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് ഹസീം , പോർഫ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി ഷാജി പുതിയൊട്ടിൽ , എ.കെ.പി.എ ഭാരവാഹി ബാബുരാജ് എന്നിവർ പങ്കെടുത്തു.’ജീവനം’ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾക്ക് +91 81130 98000 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഫോട്ടോ അടിക്കുറിപ്പ്: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകേണ്ട രോഗികള്‍ക്ക് ആശ്വാസമേകുന്ന ‘ജീവനം’ പദ്ധതിയുടെ പ്രഖ്യാപനം കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നടത്തുന്നു.