അമ്പാനേ..  ഈ ചോരക്കളി നമുക്ക് വേണ്ടാ!

Kerala Uncategorized

ലോകപ്രശസ്ത ന്യൂറോ സയൻ്റിസ്റ്റ് ഡോ.വി. എസ്.രാമചന്ദ്രൻ ഒരു കേസ് സ്റ്റഡി പറയുന്നുണ്ട്:

ഒരാളുടെ തല തുറന്നു വെച്ചിരിക്കുന്നു. അയാൾ കണ്ണും കാതും തുറന്ന് നല്ല ബോധാവസ്ഥയിലാണ്.അദ്ദേഹത്തിൻ്റെ കൈയിൽ ഒരു സൂചി കുത്തുമ്പോൾ വേദനയുളവാക്കുന്നത് വിശദമായി പഠിക്കുന്നതിനുള്ള ഒരു പരീക്ഷണം. സൂചി കുത്തുമ്പോൾ അദ്ദേഹത്തിൻ്റെ തലച്ചോറിലെ ചില ന്യൂറോണുകളിൽ ഘടിപ്പിച്ചിരിക്കുന്ന വയറുകളുടെ അറ്റത്തുള്ള ഒരു ചുവന്ന ബൾബ് കത്തും. അതായത് വേദനയെടുത്താൽ ബൾബ് കത്തും.

ഇദ്ദേഹത്തിൻ്റെ എതിർ വശത്തൊരാൾ ഇരിപ്പുണ്ട്‌.ഒരു സാധാരണ മനുഷ്യൻ.പരീക്ഷണം നടത്തുന്ന ഡോക്ടർ തല തുറന്നു വെച്ചിരിക്കുന്ന ആൾ കാൺകെ രണ്ടാമൻ്റെ കയ്യിൽ സൂചി വെച്ച് കുത്തുന്നു.പെട്ടെന്ന് ഒന്നാമൻ്റെ തലയിലെ ന്യൂറോണുകളിൽ ബന്ധിപ്പിച്ചിരിക്കുന്ന ചുവന്ന ബൾബ് കത്തുന്നു. അപരൻ്റെ കൈയിലെ സൂചി കുത്തലിൽ ഒന്നാമന് വേദനിക്കുന്നു എന്ന് സാരം.

ഇതാണ് ഒരു ശരാശരി മനുഷ്യൻ. പക്ഷേ ഇന്ന് പലർക്കും അപരൻ്റെ വേദന സ്വന്തം വേദനയായി മാറുന്നില്ല.കേരളത്തിൽ അടുത്തയിടെ യുവാക്കളും കുട്ടികളും കൂടുതൽ അക്രമാസക്തരാകുകയാണ്.ഒരു കൂസലുമില്ലാതെ ആളുകളെ ചീത്ത വിളിക്കുന്നു. മർദ്ദിക്കുന്നു. അരിഞ്ഞു വീഴ്ത്തുന്നു. സഹോദരനെന്നോ അച്ഛനമ്മയെന്നോ സഹപാഠിയെന്നോ വ്യത്യാസമില്ല.

ആറ് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ വരെ ലൈംഗികമായി ആക്രമിക്കുന്നു.യുവാക്കളുടെയും കുട്ടികളുടെയും ആക്രമണോത്സുകത, സ്കൂൾ അക്രമം, ഗുണ്ടാ സംസ്കാരം എന്നിവയിൽ വർദ്ധനവ് കാണുന്നു.

വർത്തമാനകാലത്തെ പേടിപ്പെടുത്തുന്ന ഈ വ്യതിയാനം കേവലം ഒരു കാരണത്തിൽ ഒതുക്കാവുന്നതല്ല.പണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.പണമുള്ളവന് നീതിയും ന്യായവും അധികാരവും കൂടും.സമൂഹത്തിൽ വിലയുള്ളതും സ്ഥാനമുള്ളതും പണക്കാർക്കാണ്. അവരുടെ ആർഭാട ജീവിതം താഴെക്കിടയിലുള്ളവരിൽ കൊതി ജനിപ്പിക്കുക സ്വഭാവികം. അപ്പോൾ കൂടുതൽ പണം കൈകളിലെത്താൻ ഏത് വളഞ്ഞ വഴിയും ഡേർട്ടി ബിസിനസ്സും താഴെക്കിടയിലുള്ള ചിലരെങ്കിലും ചെയ്തുകൂട്ടും. അത് വയലൻസിലേക്ക് നയിച്ചേക്കാം.

സാമൂഹ്യ- സാമ്പത്തിക രംഗത്ത് കേരളം വികസിത രാജ്യങ്ങൾക്കൊപ്പമാണ്.ഒരു ഗോവണിയുടെ ഒന്നാം പടിയിൽ നിന്നും രണ്ടാം പടിയിലെത്തി, അവിടെ നിന്നും മൂന്നിലേക്കും നാലിലേക്കും അങ്ങനെ അങ്ങനെ പത്താംപടിയിൽ എത്തുന്ന സ്വഭാവിക വളർച്ചയല്ല മലയാളിക്ക് സംഭവിച്ചത്. മലയാളി രണ്ടിൽ നിന്നും നേരിട്ട് പത്തിലെത്തി.അഥവാ അടിസ്ഥാനമൊന്നുമില്ലാതെയുള്ള ഒരു ഭീമൻ കുതിപ്പ്. ഇത് സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ നിരവധിയാണ്.

മൂല്യചിന്ത ജീവിതത്തിൽ കുറവുള്ളവരാണ് മലയാളി. പല സ്കാൻഡിനേവിയൻ രാജ്യങ്ങളിലും കാവൽ പോലീസില്ലാതെ തന്നെ ജനങ്ങൾ നിയമം പാലിക്കും. മലയാളിയുടെ മൂല്യ സങ്കല്പം പ്രസംഗം മാത്രം.നമ്മുടെ പ്രിൻ്റ് പത്രങ്ങൾക്കും മാസികകൾക്കും ഒരു ഉയർന്ന സാംസ്ക്കാരിക തലം സൃഷ്ടിക്കാൻ കഴിഞ്ഞില്ല.

സോഷ്യൽ മീഡിയായുടെ വരവു് മലയാളി ഏറെ ആഘോഷിച്ചു.ഫേക്കും ഫാക്ടും തിരിച്ചറിയാൻ പാടില്ലാത്ത പൊട്ടൻമാരായി നമ്മൾ മാറി. സോഷ്യൽ മീഡിയായിലൂടെ ചിതറി തെറിച്ചത് തെറിയും ഹേറ്റും മാത്രം. വയലൻസിൻ്റെ തകർപ്പൻ വിളയാട്ടം.

മനുഷ്യൻ ഒരു സമൂഹജീവിയാണെന്നും അപരൻ്റെ സുഖമാണ് തൻ്റെ സുഖമെന്നുമുള്ള ശാശ്വതസത്യം മലയാളി തള്ളിക്കളഞ്ഞു.സ്വന്തം സുഖത്തിനു വേണ്ടി എന്തു ചെയ്യുന്ന തെമ്മാടികളായി മലയാളി മാറി.കണക്കില്ലാത്ത വളർച്ചയും വികസനവുമെന്ന ചിന്തയും രീതിശാസ്ത്രവും പ്രായോഗിക വഴികളും സർക്കാരുകൾ പ്രചരിപ്പിച്ചു. എല്ലാവർക്കും അടിസ്ഥാന വികസനം എന്ന മുദ്രാവാക്യം തള്ളിക്കളഞ്ഞു.

സ്വന്തം അച്ഛനെ കൊന്ന് താഴെയിട്ട് ശവത്തിന് മുകളിൽ കയറി നിന്ന് മുന്തിരിക്കുല സ്വന്തമാക്കുന്നവൻ പ്രതിഭയായി. ശ്രീയായി.ആവശ്യത്തിലേറെ പണവും സുഖ സൗകര്യങ്ങളും ഭൂരിപക്ഷത്തിന് ലഭിച്ചപ്പോൾ ” എനിക്ക് സുഖിക്കണം” എന്നതു മാത്രമായി മുദ്രാവാക്യം.

വിദേശത്തേക്കുള്ള ഒഴുക്ക് കൂടി .പണം കുമിഞ്ഞു കൂടി.മലയാളി മടിയനായി. നിയന്ത്രണങ്ങളും കാവൽക്കാരുമില്ലാത്ത ദേശങ്ങളിലേക്ക് പറക്കുന്നത് പതിവായി.ഭക്ഷണത്തിനോട് ലഹരി .മുന്തിയ വാഹനങ്ങളോട് ലഹരി .വേഷഭൂഷാധി കളോട് ലഹരി .ലൈംഗികതയോട് ലഹരി. അമിത ലഹരി നൽകുന്ന ലഹരി വസ്തുക്കളോടും അതിലഹരി. അതിൻ്റെ കടത്തും വില്പനയും ജീവിതത്തെ ആറാട്ടാക്കി മാറ്റി.മതവും ആത്മീയതയും കേരളത്തിൽ സ്വത്വം നഷ്ടപ്പെട്ട പേക്കോലങ്ങളായി മാറി.

ഇങ്ങനെയൊക്കെയുള്ള സാമൂഹ്യയിടത്തിൽ വളരുന്ന പുതുതലമുറയെ വഴി നടത്താനറിയാതെ ദിശാബോധം നഷ്ടപ്പെട്ടവരായി രക്ഷാകർത്താക്കൾ മാറി.ഇരുട്ടിൽ പ്രകാശം പരത്തേണ്ട ഗുരുക്കൻമാരും സ്കൂളുകളും ഡിലീറ്റായി.

കൂടുതൽ കുട്ടികൾ മാനസിക വിഭ്രാന്തിനടിമകളായി കഴിഞ്ഞു. മെൻ്റൽ ബാലൻസ് നഷ്ടപ്പെട്ടവരുടെ എണ്ണം കൂടി.സോഷ്യൽ മീഡിയയും ഗെയിമിംഗും ഇന്ന് നമുക്ക് ഓവർലോ ഡായി മാറിയിട്ടുണ്ട്.

അക്രമപരമായ ഉള്ളടക്കവും സൈബർ ഭീഷണിയും യുവാക്കളുടെ സംവേദനക്ഷമത കുറയ്ക്കുന്നു. ക്രിയേറ്റിവിറ്റി ഇല്ലാതാക്കുന്നു.ഓൺലൈനിൽ വഴക്കുകൾ ആരംഭിക്കുന്നു, യഥാർത്ഥ ജീവിതത്തിൽ വർദ്ധിക്കുന്നു.

ലഹരിവസ്തുക്കളുടെ ദുരുപയോഗം തലച്ചോറിന് കേടുപാടുകൾ വരുത്തുന്നു.മദ്യം, മയക്കുമരുന്ന്, സിന്തറ്റിക് വസ്തുക്കൾ എന്നിവയുടെ ഉപയോഗം കുട്ടികളിലെ നിയന്ത്രണ സ്വഭാവത്തെ ദുർബലപ്പെടുത്തുന്നു.

കേരളത്തിൽ കൗമാരക്കാരുടെ മദ്യപാന നിരക്ക് കൂടുതലാണ്.ഇത് ആക്രമണത്തിന് ആക്കം കൂട്ടുന്നു.അമിതമായ ആസ്വാദ്യത വർദ്ധിപ്പിക്കലും കർശനമായ രക്ഷാകർതൃത്വവും കുട്ടികളിലെ വൈകാരിക നിയന്ത്രണത്തെ തകരാറിലാക്കുന്നുണ്ട്.ശക്തമായ മാതൃകകളുടെ അഭാവം യുവാക്കളെ ദിശാബോധമില്ലാത്തവരാക്കി മാറ്റുന്നു.

മുന്നോട്ടുള്ള വഴി:

തലച്ചോറിനെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളുണ്ടാകണം.വൈകാരിക നിയന്ത്രണം (ധ്യാനം, തെറാപ്പി, സ്വയം അവബോധം) പഠിപ്പിക്കുക.

സ്‌ക്രീൻ ആസക്തി കുറയ്ക്കുക.

ആദ്യകാല മാനസികാരോഗ്യ പരിശോധന (ഉയർന്ന അപകടസാധ്യതയുള്ള കുട്ടികളെ കണ്ടെത്തി സഹായിക്കുക).കമ്മ്യൂണിറ്റി സ്കൂൾ പ്രോഗ്രാമുകൾ ഏറെ ഉണ്ടാകണം.ഇന്നത്തെ വികസന രീതി ശാസ്ത്രം പാടെ മാറണം. മനുഷ്യ – പ്രകൃതി കേന്ദ്രീകൃതമാവണം.

വ്യക്തി – കുടുംബം – സമൂഹം _ സംവിധാനങ്ങൾ എന്നിങ്ങനെ സമഗ്ര മേഖലകളിലും ദൂര കാഴ്ചയോടെ ശാസ്ത്രീയമായ നയസമീപനങ്ങളും പ്രായോഗിക ജീവിതവും സാധ്യമാവുമ്പോൾ മാത്രമേ ചോരക്കളികൾ ഇല്ലാതാകൂ.

കേരളത്തിലെ മിക്കവാറും ജില്ലകളിൽ കിൻഡർ ഗാർട്ടൻ സ്കൂളുകൾക്ക് നേതൃത്വം കൊടുക്കുന്ന സിഡ്നി മോണ്ടിസ്സോറി സ്കൂൾസും അവരുടെ റിസർച്ച് വിഭാഗമായ എസ്.ഇ.ആർ.സിയും കൂടി മാർച്ച് ഒന്നിന് വലിയൊരു ഫ്യൂച്ചർ ക്ലേവ് കോട്ടയത്ത് സംഘടിപ്പിക്കുന്നത് ശുഭ ചിന്തയുണർത്തുന്നു.മന്ത്രിമാരും ഭരണകർത്താക്കളും ഡോക്ടർമാരും സാമൂഹ്യ സംഘടനാ പ്രതിനിധികളും വിദ്യാഭ്യാസ സ്ഥാപന മേലധികാരികളും പങ്കെടുക്കുന്ന ഫ്യൂച്ചർ ക്ലേവ് മുന്നോട്ട് വെക്കുന്ന “വേണം നമുക്കൊരു നന്മ നിറഞ്ഞ തലമുറ ” പുതിയ മാറ്റങ്ങൾ സൃഷ്ടിക്കട്ടെ. കതിരിൽ കൊണ്ടുപോയി വളം വെച്ചിട്ട് കാര്യമില്ലല്ലോ. ചെറുതിലേ തുടങ്ങണം.

ഏബ്രഹാം കുര്യൻ,

ഡയറക്ടർ,

ലിവിംഗ് ലീഫ് ആൻഡ് ഗംഗോത്രി.

Leave a Reply

Your email address will not be published. Required fields are marked *