ആലപ്പുഴ: ആലപ്പുഴയില്‍ ആശ വർക്കർമാർ നാളെ നടത്താനിരുന്ന കളക്ട്രേറ്റ് മാർച്ചില്‍ പങ്കെടുക്കരുതെന്ന സിഐടിയു നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്. ആശ വർക്കർമാരുടെ സിഐടിയു സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തില്‍ പങ്കെടുക്കാൻ പോകുന്നവർ യൂണിയനില്‍ നിന്ന് രാജിവെച്ച് സമരത്തിന് പോകണമെന്നും എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിന്റ ശബ്ദ സന്ദേശത്തില്‍ പറയുന്നു.
ആരെങ്കിലും വിളിച്ചാല്‍ സ്ഥലത്തില്ലെന്ന് പറഞ്ഞാൽ മതിയെന്ന് സിഐടിയു നേതാവ് നിർദേശിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ല, തെഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഉണ്ടെന്ന് ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ആലപ്പുഴയില്‍ നാളെയാണ് ആശ വർക്കർമാരുടെ കളക്ട്രേറ്റ് മാർച്ച് നടക്കാനിരിക്കെയാണ് സിഐടിയു നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നത്.