കടുത്തുരുത്തി : തിരുവമ്പാടി ഭഗതി ക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ചുള്ള കളമെഴുത്തുപാട്ട് നാളെ (വ്യാഴം) തുടങ്ങും. 41 ദിവസം നീണ്ടുനിൽക്കുന്ന കളമെഴുത്തുപാട്ടും ദീപാരാധനയും മീനഭരണി ദിവസമായ ഏപ്രിൽ 1 വരെ നടക്കും. ആറു കരകൾക്കും ദേശാധിപതിയായി വാഴുന്ന തിരുവമ്പാടിക്കാവിലമ്മക്ക് കളംപൂജയും ദീപാരാധനയും ഒരോ കുടുംബങ്ങളുടെയും സംഘടനകളുടെയും വഴിപാടായിട്ടാണ് ഒരോ ദിവസവും നടത്തി വരുന്നത്. ദാരികനിഗ്രഹം കഴിഞ്ഞ രൗദ്ര രൂപിണിയായി പടിഞ്ഞാറോട്ട് ദർശനമായിരിക്കുന്ന ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്ര കലാ കുലപതി ഉദയനാപുരം തേരൊഴി രാമക്കുറുപ്പിൻ്റെ നേതൃത്വത്തിലാണ് കളമെഴുത്തുപാട്ട് നടക്കുന്നത്. ഓരോ ദിവസവും ഉച്ചയോട് കൂടി ആരംഭിക്കുന്ന ചടങ്ങുകൾ ഉച്ചപ്പാട്ടോടുകൂടിയാണ് ആരംഭിക്കുന്നത്.പിന്നീട് പഞ്ചവർണ്ണപ്പൊടികളാൽ ദേവിയുടെ വിവിധ കൈകളോട് കൂടിയ രൂപം വരക്കും.പ്രകൽഭരായ കലാകാരൻമാരാണ് കളം വരയ്ക്കുന്നത്. വൈകിട്ട് ക്ഷേത്ര സന്നിധിയിൽ ദീപാലങ്കാരത്തോടു കൂടി നടക്കുന്ന ദീപാരാധനയോടെ കളം പൂർത്തിയാകും. സോപാനസംഗീതവും, പഞ്ചവാദ്യമേളവും, ചെണ്ടമേളത്തിൻ്റെയും ഒക്കെ സാന്നി ത്യത്തിൽ ഭക്തിസാന്ദ്രമായി നടക്കുന്ന ദീപാരാധനക്ക് ശേഷം ഭക്തർ ദേവിയുടെ കളം തൊഴുത് പ്രാർത്ഥിക്കുന്നു. അപ്പോൾ കളംപൂജയ്ക്ക് നേതൃത്വം കൊടുക്കുന്ന കലാകാരൻ ദാരികനിഗ്രഹത്തെ അനുസ്മരിപ്പിക്കുന്ന ദേവിയുടെ കീർത്തനം പാടും.ശേഷം വീണ്ടും നടയടച്ച് അത്താഴപൂജ കഴിഞ്ഞ് നട തുറക്കുന്നതോടെ ഉച്ചത്തിൽ ദേവീ നാമങ്ങൾ ചൊല്ലി ഭക്തർ ദേവിയെ തൊഴുന്നു.തുടർന്നു ക്ഷേത്ര പൂജാരി ദേവിയെ ശ്രീകോവിലിൽ നിന്ന് ആനയിച്ച് പുറത്തിറങ്ങുമ്പോൾ സ്ത്രീകളും ബാലികമാരും താലപ്പൊലികളുമേന്തി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് ദേവിയോടൊപ്പം സമീത്തുള്ള ആൽമരചുവട്ടിൽ എത്തുന്നു. അതിന് ശേഷം ആൽമരച്ചുവട്ടിൽ നടക്കുന്ന പ്രത്യേക പൂജകൾക്ക് ശേഷം വീണ്ടും ക്ഷേത്രം മൂന്ന് പ്രാവശ്യം പ്രദക്ഷിണം വച്ച് ദേവിയെ ശ്രീ കോവിലിന് സമീപം വരെ ഭക്തർ അനുഗമിക്കും.കളംപൂജക്ക് നേതൃത്വം വഹിക്കുന്ന കാർമ്മികൻ അന്നത്തെ കളമെഴുത്തുപാട്ട് വഴിപാട് നടത്തുന്ന കുടുംബത്തെ ദീപം ഉഴിഞ്ഞ് പ്രാർത്ഥിച്ച് ദക്ഷിണ വാങ്ങുന്നതോടെ ഒരുദിവസത്തെ ചടങ്ങുകൾ പൂർത്തിയാകും. പീന്നീട് ദേവിക്ക് നിവേദിച്ച കടുംപായസവും വെള്ള നിവേദ്യവും വാങ്ങി കഴിച്ച് ഭക്തർ മടങ്ങുന്നതോടെ നട അടയ്ക്കും. മാർച്ച് 30, 31 ഏപ്രിൽ 1 തിയതികളിൽ വിപുലമായ കലാ പരിപാടികളോടെയാണ് മീനഭരണി മഹോത്സവം ആഘോഷിക്കുന്നത്. ഏപ്രിൽ 25 മുതൽ 30 വരെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധകലശവും നടക്കുമെന്ന് തിരുവമ്പാടി ദേവസ്വം മാനേജർ കാക്കാനപ്പള്ളിമന കെ.എ.ൻ.കൃഷണൻ നമ്പൂതിരിയും ഉത്സവക്കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.
തിരുവമ്പാടിക്കാവിൽ കളമെഴുത്തുപാട്ട് നാളെ തുടങ്ങും
