വിഴിഞ്ഞം റെയില്‍ കണക്ടിവിറ്റി 2028 ഡിസംബറിനുള്ളില്‍ : മന്ത്രി വി എന്‍ വാസവന്‍

Breaking Kerala Local News

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള റെയില്‍പാതയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും 2028 ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതാണെന്നും മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. പാതയുടെ നിര്‍മ്മാണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. പഴയ കണ്‍സഷന്‍ എഗ്രിമെന്‍റ് പ്രകാരം റെയില്‍പ്പാത സ്ഥാപിക്കേണ്ടിയിരുന്നത് 2022 മെയ് മാസത്തിലായിരുന്നു.

AVPPL മായുള്ള പുതിയ സെറ്റില്‍മെന്‍റ് കരാര്‍ പ്രകാരമാണ് റെയില്‍ പാത സ്ഥാപിക്കേണ്ട അവസാന തീയതി ഡിസംബര്‍ 2028 ആക്കി ദീര്‍ഘിപ്പിച്ചത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെയാണ് റെയില്‍പ്പാത സ്ഥാപിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. അവര്‍ തയ്യാറാക്കിയ ഡി പി ആര്‍ പ്രകാരം 10.7 കി.മി ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയാണ് തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത്. പാതയുടെ 9.02 കി.മി ദൂരവും ടണലിലൂടെയാണ് കടന്നു പോകുന്നത്.

ഡി.പി.ആറിന് ദക്ഷിണ റെയില്‍വേയുടെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്‍റെ പാരിസ്ഥിതികാനുമതിയും ലഭ്യമായിട്ടുണ്ട്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളായ പ്രധാന്‍ മന്ത്രി ഗതിശക്തി, സാഗര്‍മാല, റെയില്‍ സാഗര്‍ തുടങ്ങിയവയിലും റെയില്‍ കണക്ടിവിറ്റി പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കുവാന്‍ ശ്രമിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഗേറ്റ് വേ കണ്ടെയ്നര്‍ ട്രാഫിക്കിന്‍റെ സാദ്ധ്യത കണക്കിലെടുത്ത് ഒരു കണ്ടെയ്നര്‍ റെയില്‍ ടെര്‍മിനല്‍ (സി ആര്‍ ടി ) തിരുവനന്തപുരത്ത് വിഴിഞ്ഞത്തോടടുത്ത് നിലവിലെ ഏതെങ്കിലും റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് ഉടന്‍ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സംബന്ധ ചര്‍ച്ചകള്‍ ദക്ഷിണ റെയില്‍വെയുമായി ഇപ്പോള്‍ നടന്നു വരുന്നുണ്ട്. റെയില്‍ കണക്ടിവിറ്റി സ്ഥാപിക്കുന്നതുവരെ സി ആര്‍ ടി മുഖാന്തിരം റെയില്‍ ചരക്കുനീക്കം ഇതുവഴി സാധ്യമാകുന്നതാണന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *