സംസ്ഥാനത്താകെ വ്യാപിച്ചു കിടക്കുന്ന പാതിവില തട്ടിപ്പ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ക്രൈം ബ്രാഞ്ച് എഡിജിപി യുടെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പി സോജനായിരിക്കും അന്വേഷണം നടത്തുക.നൂറിലധികം ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യ ഘട്ടത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.
കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ഡിവൈഎസ്പിമാരും സിഐമാരും ഉള്‍പ്പടെ മാത്രം 81 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. കേസിന്റെ ഗൗരവം പരിഗണിച്ചു ക്രൈം ബ്രാഞ്ച് മേധാവി നേരിട്ട് മേല്‍നോട്ടം വഹിക്കും. എറണാകുളം ക്രൈം ബ്രാഞ്ച് യൂണിറ്റ് എസ്.പി സോജനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍
ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെയും, സൈബര്‍ വിങ്ങിലെയും ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്ത 34 കേസുകളിലായി മാത്രം 37 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. എറണാകുളം 11, ഇടുക്കി 11, ആലപുഴ 8, കോട്ടയം 3, കണ്ണൂര്‍ 1എന്നിങ്ങനെ 34 കേസുകളാണ് ക്രൈം ബ്രാഞ്ച് ആദ്യ ഘട്ടത്തില്‍ അന്വേഷിക്കുക. അനന്ദു കൃഷ്ണന്‍, കെ.എന്‍ ആനന്ദകുമാര്‍ തുടങ്ങിയവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. അന്വേഷണം ആരംഭിച്ച ശേഷം ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകള്‍ കൂടി ക്രൈം സംഘത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും