എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡിപ്പിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പാർക്കൂർ സർക്കാർ സ്‌കൂളിലെ അധ്യാപകരായ ചിന്നച്ചാമി, പ്രകാശ്, അറുമുഖം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ അധ്യാപകർക്കെതിരെ ചുമത്തിയിട്ടുണ്ട്. കൃഷ്ണഗിരി ജില്ലയിലെ പാർക്കൂരിന് സമീപമാണ് മൂന്ന് അധ്യാപകർ ചേർന്ന് ലൈംഗികമായി എട്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചത്.
കുറച്ച് ദിവസങ്ങളായി സ്കൂളിലേക്ക് കുട്ടി വരാതായപ്പോൾ സ്കൂളിലെ പ്രധാന അധ്യാപകൻ വിദ്യാർഥിയുടെ വീട്ടിലെത്തി വിവരങ്ങൾ ആന്വേഷിച്ചു അപ്പോഴാണ് പീഡനവിവരം അറിയുന്നത്. സ്കൂളിലെ മൂന്ന് അധ്യാപകർ ചേർന്നാണ് ലൈംഗികമായി ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
നാട്ടുകാരും വിദ്യാർഥിയുടെ ബന്ധുക്കളും സംഭവമറിഞ്ഞതിനെ തുടർന്ന് സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി എത്തി. പെൺകുട്ടിയെ കൃഷ്ണഗിരി മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം തുടരുകയാണ് കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു.