അമേരിക്ക തിരിച്ചയക്കുന്ന ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യത്തെ C-17 അമേരിക്കൻ സൈനിക വിമാനം അമൃത്സറിലെത്തി. ടെക്സസിൽ നിന്നും ഇന്നലെ പുറപ്പെട്ട വിമാനമാണ് അമൃത്സറിൽ ലാൻഡ് ചെയ്തത്. 104 ഇന്ത്യക്കാരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുന്ന നടപടികള്‍ ആരംഭിച്ചതോടെ അമേരിക്കയിലെ ആയിരക്കണക്കിനായ ഇന്ത്യക്കാര്‍ അങ്കലാപ്പിലാണ്.
അനധികൃതമായി രാജ്യത്ത് കഴിയുന്ന 18,000 ഇന്ത്യക്കാരിൽ ആദ്യസംഘത്തെയാണ് പുറത്താക്കിയതെന്ന് അമേരിക്ക അറിയിച്ചു. യുഎസ് പ്രസിഡന്റായി അധികാരമേറ്റയുടൻ തന്നെ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരംഭിച്ചു. നേരത്തെ, ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരെ യുഎസ് സൈനിക വിമാനങ്ങളിൽ തിരിച്ചയച്ചിരുന്നു.
കുടിയേറ്റക്കാരെ പുറത്താക്കാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത സൈനിക വിമാനം തന്നെ ഉപയോഗിക്കുന്നതിന് പിന്നില്‍ സൈനിക ഭീഷണി തന്നെയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ കരുതുന്നത്. ഒപ്പം മനുഷ്യത്വപരമല്ലെ ഈ നടപടികൾ എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. 7.25 ലക്ഷം ഇന്ത്യൻ പൗരർ രേഖകളില്ലാതെ അവിടെ കഴിയുന്നതായാണ് കണക്ക്. 2,467 ഇന്ത്യക്കാർ തടങ്കൽപ്പാളയങ്ങളിലാണ്. അനധികൃത കുടിയേറ്റക്കാരിൽ അധികവും ഗുജറാത്തുകാരാണ്.