ലൈംഗികാധിക്ഷേപക്കേസില്‍ റിമാന്‍ഡില്‍ കഴിയവെ ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ വഴിവിട്ട് സഹായിച്ച സംഭവത്തിൽ ജയിൽ ഡി.ഐ.ജി പി.അജയകുമാർ,കാക്കനാട്ടെ ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരുൾപ്പെടെ എട്ടുപേർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തു. ജനുവരി 10 ന് ഉച്ചക്ക് 12.40 നായിരുന്നു കേസിനാസ്പദമായ സംവം നടന്നത്. ജയിൽ ഡി.ഐ.ജി പി അജയകുമാര്‍ മറ്റ് നാലുപേര്‍ക്കൊപ്പം സ്വകാര്യ വാഹനത്തില്‍ കാക്കനാട്ടെ ജില്ലാ ജയിലിലെത്തുകയും സൂപ്രണ്ടിന്റെ മുറിയില്‍ വെച്ച് ബോബി ചെമ്മണ്ണൂരുമായി കൂടിക്കാഴ്ച്ചക്ക് അവസരമൊരുക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കൂടാതെ രണ്ട് സ്ത്രീകളും സൂപ്രണ്ടിന്റെ മുറിയില്‍ വെച്ച് ബോബി ചെമ്മണ്ണൂരിനെ കണ്ടിരുന്നു. ഇതിനു പുറമെ ജയിലിൽ നിന്ന് ഫോൺ വിളിക്കാൻ ബോബി ചെമ്മണ്ണൂരിന് 200 രൂപ നൽകുകയും ചെയ്തിരുന്നു. ജയില്‍ മേധാവി നടത്തിയ അന്വേഷണത്തിൽ ചട്ട ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇൻഫോ പാർക്ക് പൊലീസ് കേസ് എടുത്തിരിക്കുന്നത്.