തലയോലപ്പറമ്പ് പള്ളിയിലെ സംഘർഷം: നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്

Kerala

കുർബാനത്തർക്കം നിലനിൽക്കുന്ന തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഔദ്യോഗികവിഭാഗവും വിമതവിഭാഗവും തമ്മിൽ സംഘർഷത്തിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്. ഫാ. ജോൺ തോട്ടുപുറം, ഫാ. ജെറിൻ പാലത്തിങ്കൽ, രണ്ട് ഇടവകാംഗങ്ങൾ എന്നിവരുടെ പരാതിയിൽ തലയോലപ്പറമ്പ് പൊലീസാണ് കേസെടുത്തത്. ദേഹോപദ്രവം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

സംഘർഷത്തിനിടെ പെപ്പർ സ്പ്രേ ഉപയോഗിച്ചതായും എഫ്ഐആറിൽ പറയുന്നുണ്ട്. ഇന്നലെയാണ് കുർബാന തർക്കത്തെ തുടർന്ന് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ ഇരുവിഭാഗം ഏറ്റുമുട്ടിയത്.

പള്ളിയിലെ വൈദികൻ ജോൺ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്യുകയായിരുന്നു. കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികൾ പള്ളിക്കുള്ളിൽ പ്രതിഷേധം ഉയർത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളിയാണിത്. ഏറെനാളായി ഏകീകൃത കുർബാനയെ ചൊല്ലി തർക്കം നിലനിൽക്കുന്ന പള്ളിയാണിത്. സഭയുടെ അംഗീകൃത കുർബാന അംഗീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ പ്രീസ്റ്റ് ചാർജ് ആയി ജോൺ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ജോൺ തോട്ടുപുറം കുർബാന അർപ്പിക്കാൻ എത്തിയത്. കുർബാനയ്ക്കിടെ ഒരു വിഭാഗം ജോൺ തോട്ട് പുറത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും പള്ളിക്കുള്ളിലെ മൈക്കും മറ്റു സാധനങ്ങളും അടിച്ചു തകർത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *