അർജുൻ റെഡ്ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനായ സന്ദീപ് റെഡ്ഡി വാങ്ക പാൻ ഇന്ത്യൻ സ്റ്റാർ പ്രഭാസിന്റെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്പിരിറ്റ്’. രൺബീറിനെ നായകനാക്കി എടുത്ത അനിമൽ ഹിറ്റടിച്ച ശേഷമാണ് വാങ്ക വീണ്ടും സംവിധാനക്കുപ്പായം അണിയുന്നത്. കൽക്കിക്ക് ശേഷം വീണ്ടും പ്രഭാസ് ബിഗ് സ്ക്രീനിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പിങ്ക് വില്ല.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം മെയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ പ്രഭാസ് പുതിയൊരു ലുക്കിലാണ് എത്തുന്നതെന്നും വാർത്തകളുണ്ട്. ഹൈദരാബാദിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ നടക്കുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
2026 അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തിക്കാൻ ആണ് അണിയറപ്രവർത്തകരുടെ പദ്ധതി. പ്രവാസിനൊപ്പം വമ്പൻ താരനായരായാണ് സിനിമയിൽ അണിനിരക്കുക.
മൃണാൾ താക്കൂർ, സെയ്ഫ് അലി ഖാൻ, കരീന കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ലെറ്റർബോക്സിലൂടെ പുറത്തുവന്ന സിപിരിറ്റിന്റെ കഥ പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു. അപമാനിതനായ ഒരു പൊലീസുകാരൻ അദ്ദേഹത്തിന്റെ ജോലി തിരിച്ചു പിടിക്കാനായി ഒരു അന്താരാഷ്ട്ര ക്രൈം സിൻഡിക്കേറ്റിന് പുറകേ പോകുന്നു എന്നാണ് ലെറ്റർ ബോക്സ് റിപ്പോർട്ട് ചെയ്യുന്നത്. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറിനൊപ്പം ബോളിവുഡിലെ താര സംവിധായകൻ കൂടി ചേരുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. കൊറിയൻ നടനായ ഡോൺ ലീ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഭൂഷൺ കുമാറും സന്ദീപ് റെഡ്ഡി വങ്കയും ചേർന്നാണ് സ്പിരിറ്റ് നിർമ്മിക്കുന്നത്.