ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ വിവാദ പ്രസ്താവനകളുമായി നേതാക്കൾ. മുംബൈയിലെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുന്നതിനിടെ, സെയ്ഫ് അലി ഖാനെതിരായ ആക്രമണം ‘യഥാർത്ഥമോ വ്യാജമോ’ എന്നാണ് മഹാരാഷ്ട്രയിലെ ചില നേതാക്കൾ ചോദ്യം ചെയ്യുന്നത്. ഗുരുതരമായി പരിക്കേറ്റ നടൻ അഞ്ചു ദിവസം കൊണ്ട് പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങിയതിനെ കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് നിരുപം സഞ്ജയ് നിരുപം ചോദ്യം ചെയ്തിരുന്നു.
വിശ്വസിക്കാനാവുന്നില്ലെന്നും ഇതെല്ലം നാടകീയമായി അരങ്ങേറിയതാണോ എന്നാണ് മുൻ എംപി സഞ്ജയ് നിരുപം ചോദിച്ചത്. എന്നാൽ ആധുനിക ചികിത്സാ രീതികളെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരം പരാമർശങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്നാണ് ഡോക്ടർമാർ മറുപടി പറഞ്ഞത്. പിന്നാലെയാണ് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നിതേഷ് റാണെയുടെ തീപ്പൊരി പ്രസംഗം.
ഷാരൂഖ് ഖാനോ സെയ്ഫ് അലി ഖാനോ വേദനിച്ചാൽ സംസാരിക്കാനും സങ്കടപ്പെടാനും നിരവധി പേരുണ്ടെന്നും എന്നാൽ സുശാന്ത് സിംഗ് രാജ്പുത്തിനെ പോലെയുള്ള ഒരു നടൻ പീഡിപ്പിക്കപ്പെട്ടപ്പോൾ ഇതിനെതിരെ ശബ്ദിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നും റാണെ പറയുന്നു. ജനുവരി 16ന് നടന്ന കുത്തേറ്റ സംഭവത്തിൻ്റെ അന്വേഷണം അവസാനിക്കുന്നത് വരെ സെയ്ഫ് അലിഖാന് മുംബൈ പോലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതായത് ഒരു പോലീസ് കോൺസ്റ്റബിൾ 24 മണിക്കൂറും നടനോടൊപ്പം നിൽക്കും.
ബംഗ്ലാദേശ് പൗരനായ ഷെരീഫുൾ ഇസ്‌ലാം ഷെഹ്‌സാദ് മുഹമ്മദ് രോഹില്ല അമിൻ ഫക്കീറിൻ്റെ ലക്ഷ്യം മോഷണം മാത്രമാണോ അതോ ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്നറിയാൻ മുംബൈ പോലീസ് ശ്രമിക്കുന്നതിനാൽ താരത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ ബാന്ദ്രയിലെ അപ്പാർട്ട്‌മെൻ്റിൽ വെച്ച് ഖാനെ കുത്തിയതിന് അക്രമിയെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു.